ഇന്ത്യയുടെ വ്യാപാര കമ്മിയിൽ കുറവ്

ഇന്ത്യയുടെ വ്യാപാര കമ്മിയിൽ കുറവ്

July 16, 2024 0 By BizNews

കൊച്ചി: ഇറക്കുമതിയിലെ തളർച്ചയുടെയും കയറ്റുമതിയിലെ ഉണർവിന്റെയും കരുത്തിൽ ജൂണിൽ ഇന്ത്യയുടെ വ്യാപാര കമ്മി 2098 കോടി ഡോളറിലേക്ക് കുറഞ്ഞു.

മേയിൽ വ്യാപാര കമ്മി 2378 കോടി ഡോളറിലായിരുന്നു. കഴിഞ്ഞ മാസം മൊത്തം കയറ്റുമതി 2.6 ശതമാനം ഉയർന്ന് 3,520 കോടി രൂപയിലെത്തി. ഇറക്കുമതി ഇക്കാലയളവിൽ 4.9 ശതമാനം വർദ്ധനയോടെ 5618 കോടി ഡോളറിലെത്തി.

എൻജിനിയറിംഗ് ഗുഡ്‌സ്, ഇലക്ട്രോണിക്‌സ്, കാപ്പി, മരുന്നുകൾ, വിവിധ കെമിക്കലുകൾ എന്നിവയുടെ കയറ്റുമതിയിൽ മികച്ച വളർച്ചയാണുണ്ടായത്.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസങ്ങളിൽ ഉത്പന്ന, സേവന കയറ്റുമതിയിലൂടെ 20,000 കോടി ഡോളറിന്റെ വരുമാനമാണ് നേടിയതെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി സുനിൽ ബാത്ര്‌വാൾ പറഞ്ഞു.

ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ നടപ്പുവർഷം മൊത്തം കയറ്റുമതി 80,000 കോടി ഡോളർ കവിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി 77,668 കോടി ഡോളറായിരുന്നു.