ഇന്ത്യയിലെ നിന്ന് ഈ വർഷം 4300 കോടീശ്വരൻമാർ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് റിപ്പോർട്ട്
June 22, 2024ന്യൂഡൽഹി: ഇന്ത്യയിലെ കോടീശ്വരൻമാരുടെ വിദേശത്തേക്കുള്ള ഒഴുക്ക് ഈ വർഷവുമുണ്ടാവുമെന്ന് റിപ്പോർട്ട്. 4300 കോടീശ്വരൻമാരാണ് ഇന്ത്യയിൽ നിന്നും 2024ൽ വിദേശത്തേക്ക് പോവുക. ഇതിൽ ഭൂരിപക്ഷം യു.എ.ഇയിലേക്കാണ് കുടിയേറുക എന്നും റിപ്പോർട്ട്.കഴിഞ്ഞ രണ്ട് വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം കുടിയേറ്റത്തിൽ നേരിയ കുറവുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2024ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള കോടീശ്വരൻമാരുടെ വിദേശത്തേക്കുള്ള ഒഴുക്ക് തുടരുമെങ്കിലും ഇതിൽ രാജ്യത്തിന് ചെറിയൊരു ആശ്വാസത്തിനുള്ള വകയുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. 4300 കോടീശ്വരൻമാരാണ് മെച്ചപ്പെട്ട അവസരങ്ങൾക്കായി 2024ൽ ഇന്ത്യ വിടാൻ ഒരുങ്ങുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം 5100 പേർ ഇത്തരത്തിൽ രാജ്യംവിട്ടിരുന്നു. കോടീശ്വരൻമാരുടെ വിദേശത്തേക്കുള്ള പോക്കിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
ചൈനയിൽ നിന്നും യു.കെയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ കോടീശ്വരൻമാർ വിദേശത്തേക്ക് ചേക്കേറുന്നത്. ഇന്ത്യയിൽ നിന്നുള്ള കോടീശ്വരൻമാരുടെ കുടിയേറ്റം ഏറ്റവും കൂടുത3 യു.എ.ഇയിലേക്കാണെന്നും റിപ്പോർട്ട് പറയുന്നു. യു.എസും സിംഗപ്പൂരുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 6800 കോടീശ്വരൻമാരാണ് യു.എ.ഇയിലേക്ക് കുടിയേറിയത്.
അതേസമയം, കോടീശ്വരൻമാരുടെ പ്രവാസം ഇന്ത്യക്ക് വെല്ലുവിളിയാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പോകുന്നതിനേക്കാൾ കൂടുതൽ കോടീശ്വരൻമാർ ഇന്ത്യയിൽ പുതുതായി ഉണ്ടാവുന്നുണ്ട്. 2013 മുതൽ 2023 വരെയുള്ള കാലയളവിനിടയിൽ ഇന്ത്യയിലെ കോടീശ്വരൻമാരുടെ എണ്ണത്തിൽ 85 ശതമാനം വർധനയുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.