മൈക്രോസോഫ്റ്റിനെ മറികടന്ന് ആപ്പിൾ; ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി

മൈക്രോസോഫ്റ്റിനെ മറികടന്ന് ആപ്പിൾ; ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി

June 13, 2024 0 By BizNews

വാഷിങ്ടൺ: എ.ഐ കരുത്തിൽ പുത്തൻ കുതിപ്പിനൊരുങ്ങുന്ന യു.എസ് ടെക് ഭീമൻ ആപ്പിളിന് പുതിയ നേട്ടം. മൈക്രോസോഫ്റ്റിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി ആപ്പിൾ മാറി. കഴിഞ്ഞ ദിവസം നടന്ന ഡെവലപ്പർ കോൺഫറൻസിൽ പുതിയ ഉൽപന്നങ്ങൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് ആപ്പിളിന്റെ നേട്ടം.

ആപ്പിളിന്റെ ഓഹരികൾക്ക് കഴിഞ്ഞ ദിവസം നാല് ശതമാനം നേട്ടമാണുണ്ടായത്. ഇതോടെ ഓഹരി വില 215.04 ഡോളറായി ഉയർന്നു. ആപ്പിളിന്റെ വിപണിമൂല്യം 3.29 ട്രില്യൺ ഡോളറായും കൂടി. രണ്ടാമതുള്ള മൈക്രോസോഫ്റ്റിന്റെ വിപണിമൂല്യം 3.24 ട്രില്യൺ ഡോളറാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇതാദ്യമായാണ് മൈക്രോസോഫ്റ്റിനെ ആപ്പിൾ മറികടക്കുന്നത്.

പണപ്പെരുപ്പം സംബന്ധിച്ച യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ നാസ്ഡാക്കിൽ ആപ്പിളിന്റെ ഓഹരികൾ കുതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആപ്പിളിന്റെ ഓഹരികളിൽ ഏഴ് ശതമാനം നേട്ടം രേഖപ്പെടുത്തിയിരുന്നു.

ഐഫോണിലും ആപ്പിളിന്റെ മറ്റ് ഉപകരണങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി അവതരിപ്പിച്ചിരുന്നു. ഇത് ആപ്പിൾ ഉൽപന്നങ്ങളുടെ വിൽപന വർധനക്കിടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോയ്സ് അസിസ്റ്റ് സിസ്റ്റമായ സിരിയിലും ആപ്പിൾ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ്. ഈ പ്രഖ്യാപനങ്ങളെല്ലാം ആപ്പിളിന്റെ ഓഹരി വില വർധിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.