നോമിനേഷൻ ഇല്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കില്ലെന്ന് സെബി
June 12, 2024ന്യൂഡൽഹി: അക്കൗണ്ടുകളിൽ നാമനിർദേശം സമർപ്പിക്കാത്ത ഓഹരി വിപണിയിലെ നിക്ഷേപകർക്ക് ആശ്വാസവുമായി സെക്യൂരിറ്റി എക്സേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ജൂൺ 30നകം നാമനിർദേശം നൽകാത്ത ഡീമാറ്റ്, മ്യൂച്ച്വൽ ഫണ്ട് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന തീരുമാനം റദ്ദാക്കി. മാത്രമല്ല, നാമനിർദേശം സമർപ്പിക്കാത്തതിന്റെ പേരിൽ തടയപ്പെട്ട ലാഭവിഹിതം, പലിശ തുടങ്ങിയവ നിക്ഷേപകർക്ക് വിതരണം ചെയ്യും.
ഓഹരി വിപണിയിലെ ബ്രോക്കർമാർ, അസെറ്റ് മാനേജ്മെന്റ് കമ്പനികൾ തുടങ്ങിയവരിൽനിന്ന് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സെബി തീരുമാനം. അതേസമയം, പുതിയ നിക്ഷേപകർ നിർബന്ധമായും നാമനിർദേശം തിരഞ്ഞെടുക്കണമെന്നും സെബി അറിയിച്ചു. നാമനിർദേശം തിരഞ്ഞെടുക്കുന്നത് പ്രോത്സാഹിപ്പിക്കാൻ രണ്ടാഴ്ചയിലൊരിക്കൽ നിക്ഷേപകർക്ക് ഇ-മെയിലും എസ്.എം.എസും അയക്കണമെന്നും ബ്രോക്കർമാർക്കും അസെറ്റ് മാനേജ്മെന്റ് കമ്പനികൾക്കും നിർദേശം നൽകി.