സ്വർണവില ഇനിയും കുറയും; പിന്നിൽ ചൈനയുടെ ഇടപെടൽ

സ്വർണവില ഇനിയും കുറയും; പിന്നിൽ ചൈനയുടെ ഇടപെടൽ

June 8, 2024 0 By BizNews

കൊച്ചി: ആഗോളവിപണിയിൽ സ്വർണവില ഇനിയും കുറയുമെന്ന് സൂചന. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വൻതോതിലുള്ള സ്വർണക്കട്ടി ശേഖരം വാങ്ങുന്നത് താൽക്കാലികമായി നിർത്തിവെച്ചത് വില കുറയുന്നതിന് ഇടയാക്കുന്നുണ്ട്.

ചൈനീസ് സെൻട്രൽ ബാങ്ക് കഴിഞ്ഞ് 18 മാസമായി സ്വർണശേഖരം വർധിപ്പിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. ഈ തീരുമാനം പുറത്തുവന്നതോടെ സ്വർണവില 3.5% കുറയുകയാണ് ഉണ്ടായത്. അതോടൊപ്പം അമേരിക്കയിൽ മൂന്ന് ലക്ഷത്തിനടുത്ത് പുതിയ തൊഴിൽ നൽകിയത് മൂലം പണപെരുപ്പ നിരക്കിൽ ഉണ്ടായ സമ്മർദത്തെ ചെറിയതോതിൽ മറികടക്കാൻ കഴിഞ്ഞത് സ്വർണവില ഇടിയുന്നതിനുള്ള മറ്റൊരു കാരണമായി.

സ്വർണ വില നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ താത്പര്യം. അതിൽ മാറ്റം വന്നതും സ്വർണവില കുറയുന്നതിനുള്ള കാരണമാണ്. ഇതിനൊപ്പം യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുന്നതിലെ ആശങ്കയും ഇസ്രായേൽ ഹമാസ് സംഘർഷവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

അതേസമയം കേരളത്തിൽ സ്വർണവില ഇന്ന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 6570 രൂപയും പവന് 1520 രൂപ കുറഞ്ഞ് 52560 രൂപയുമായി.18 കാരറ്റ് സ്വർണവില 150 രൂപ ഗ്രാമിന് കുറഞ്ഞ് 5470 രൂപയായി. 24 കാരറ്റ് സ്വർണ കട്ടിക്ക് ബാങ്ക് നിരക്ക് 73 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്തരാഷ്ട്ര സ്വർണവില 2293 ഡോളറും, രൂപയുടെ നിരക്ക് 83.40 ആണ്. അന്താരാഷ്ട്ര സ്വർണവില 2021 ജനുവരിക്ക് ശേഷമുള്ള വലിയ പ്രതിദിന ഇടിവ് രേഖപ്പെടുത്തി.