തിരിച്ചടിക്ക് പിന്നാലെ തിരികെ കയറി ഓഹരി വിപണി; സെൻസെക്സിൽ 1600 പോയിന്റ് നേട്ടം
June 5, 2024മുംബൈ: തെരഞ്ഞെടുപ്പ് ദിവസത്തെ തിരിച്ചടിക്ക് പിന്നാലെ ഇന്ത്യൻ ഓഹരി സൂചികകൾ തിരികെ കയറി. ബുധനാഴ്ച ബോംബെ സൂചികയായ സെൻസെക്സും ദേശീയ സൂചികയായ നിഫ്റ്റിയും രണ്ട് ശതമാനത്തിലേറെ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചക്കാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ ഓഹരി വിപണികൾ സാക്ഷ്യം വഹിച്ചത്.
ഇന്ന് സെൻസെക്സ് 1,600 പോയിന്റോളം ഉയർന്നു. 73,730 പോയിന്റിലാണ് ഇപ്പോൾ സെൻസെക്സിൽ വ്യാപാരം നടക്കുന്നത്. നിഫ്റ്റി 508 പോയിന്റ് ഉയർന്ന് 22,392ലേക്ക് എത്തി. അതേസമയം, ഇപ്പോഴും ചില ഓഹരികളിൽ കനത്ത വിൽപന സമ്മർദ്ദമുണ്ട്.
സ്മോൾക്യാപ്, മിഡ്ക്യാപ് ഓഹരികളിലെ ഉയർച്ചയാണ് നിഫ്റ്റിയുടെ നേട്ടത്തിന് പിന്നിൽ. എഫ്.എം.സി.ജി, ഓട്ടോ ഓഹരികളിലാണ് ഇന്ന് വലിയ നേട്ടമുണ്ടായത്. ഫിനാൻഷ്യൽ സർവീസ്, ഐ.ടി സെക്ടറുകളിലും ഉയർച്ചയുണ്ടായി.
നിഫ്റ്റിയിൽ ഹീറോ മോട്ടോകോർപ്പ്, എച്ച്.യു.എൽ, എം ആൻഡ് എം, ടാറ്റ കൺസ്യൂമർ പ്രൊഡക്ടസ്, ഏഷ്യൻ പെയിന്റ് എന്നിവ വലിയ നേട്ടമുണ്ടാക്കി. എൽ&ടി, ബി.പി.സി.എൽ, പവർ ഗ്രിഡ്, എസ്.ബി.ഐ തുടങ്ങിയവക്കാണ് നഷ്ടമുണ്ടായത്. വലിയ മുന്നേറ്റം വിപണിയിലുണ്ടെങ്കിലും നിക്ഷേപകർ ശ്രദ്ധപുലർത്തണമെന്നാണ് വിപണി വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് .