സ്വർണ്ണവില വീണ്ടും കുറഞ്ഞു; പവന് 160 രൂപയുടെ കുറവ്
June 1, 2024കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ്. 160 രൂപയുടെ കുറവാണ് പവന്റെ വിലയിലുണ്ടായത്. ഒരു പവൻ സ്വർണ്ണത്തിന്റെ വില 53,200 രൂപയായി കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,650 രൂപയായും സ്വർണ്ണവില ഇടിഞ്ഞു. 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 15 രൂപ കുറഞ്ഞ് 5,525 രൂപയായി.
കഴിഞ്ഞ ഒരാഴ്ചയായി അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം ഇന്റർനാഷണൽ മാർക്കറ്റിൽ സ്പോട്ട് ഗോൾഡിന്റെ വില 0.5 ശതമാനം ഇടിഞ്ഞിരുന്നു. ഔൺസിന് 2,330.71 ഡോളറായാണ് വില കുറഞ്ഞത്. സ്വർണ്ണത്തിന്റെ ഭാവി വിലകളിൽ 0.6 ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തി. 2,329 ഡോളറായാണ് വില കുറഞ്ഞത്.
അതേസമയം, പണപ്പെരുപ്പം കുറഞ്ഞാൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സെപ്റ്റംബറോടെ യു.എസ് കേന്ദ്രബാങ്ക് പലിശ നിരക്കിൽ ഇളവ് വരുത്താനാണ് സാധ്യത. യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചാൽ അത് സ്വർണ്ണവില കൂടുന്നതിന് കാരണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.