സമ്പദ് വ്യവസ്ഥ ഏഴുശതമാനം വളർച്ച നേടും -ആർ.ബി.ഐ
May 31, 2024മുംബൈ: നടപ്പ് സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ടിൽ വിലയിരുത്തൽ. ലോകത്തിലെ പ്രമുഖ സമ്പദ് വ്യവസ്ഥകളിലെ ഏറ്റവും വേഗത്തിലുള്ള വളർച്ചയാണിത്. കഴിഞ്ഞ സാമ്പത്തിക വർഷവും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ചയാണ് കൈവരിച്ചത് (7.6 ശതമാനം). തുടർച്ചയായ മൂന്നാം വർഷമാണ് ഏഴ് ശതമാനത്തിലധികം വളർച്ച നേടിയത്. ദൃഢമായ നിക്ഷേപ സാഹചര്യം, ബാങ്കുകളുടെയും കോർപറേറ്റുകളുടെയും ആരോഗ്യകരമായ ബാലൻസ് ഷീറ്റ് തുടങ്ങിയവ നടപ്പ് സാമ്പത്തിക വർഷം സമ്പദ്വ്യവസ്ഥക്ക് അനുകൂലമാണ്. മാർച്ച് 31ലെ കണക്കനുസരിച്ച് റിസർവ് ബാങ്കിന്റെ നീക്കിയിരിപ്പ് 11.08 ശതമാനം വളർച്ചയോടെ 70.48 ലക്ഷം കോടി രൂപയായി. പാകിസ്താന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 2.5 മടങ്ങ് വരുമിത്.