പേടിഎമ്മിൽ ഓഹരികൾ വാങ്ങാൻ ഒരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് അദാനി ഗ്രൂപ്പ്
May 29, 2024ന്യൂഡൽഹി: പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്യൂണിക്കേഷൻസിൽ ഓഹരികൾ വാങ്ങാൻ ഒരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് അദാനി ഗ്രൂപ്പ്. പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമയുമായി ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ഇത്തരമൊരു നീക്കത്തിന് കമ്പനി തയാറായിട്ടില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. നേരത്തെ റിപ്പോർട്ട് നിഷേധിച്ച് പേടിഎമ്മും രംഗത്തുവന്നിരുന്നു.
ബുധനാഴ്ച രാവിലെ ഒരു ദേശീയ മാധ്യമമാണ് അദാനി പേടിഎമ്മിന്റെ ഓഹരികൾ വാങ്ങുന്നുവെന്ന വാർത്ത പുറത്തുവിട്ടത്. വിജയ് ശേഖർ ശർമ ചൊവ്വാഴ്ച അദാനിയുടെ അഹ്മദാബാദിലെ ഓഫിസിലെത്തി ചർച്ച നടത്തിയെന്നും ഇരുവരും ധാരണയിലെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
പേടിഎമ്മിന്റെ സ്ഥാപകനായ വിജയ് ശേഖർ ശർമ്മക്ക് 19 ശതമാനം ഓഹരിയാണ് കമ്പനിയിൽ ഉള്ളത്. ഏകദേശം 4200 കോടിയാണ് ഓഹരികളുടെ മൂല്യം. ഈ ഓഹരികൾ വാങ്ങിയതിന് ശേഷം വെസ്റ്റ് ഏഷ്യൻ ഫണ്ടിന്റെ നിക്ഷേപം വൺ 97 കമ്യൂണിക്കേഷനായി തേടാനും അദാനിക്ക് പദ്ധതിയുള്ളതായാണ് നേരത്തെ റിപ്പോർട്ട് വന്നത്. എന്നാൽ ഈ വാർത്ത ഊഹാപോഹം മാത്രമാണെന്ന വിശദീകരണമാണ് പേടിഎം നൽകിയത്.