കൊച്ചി കപ്പൽശാലക്ക് അന്താരാഷ്ട്ര ഓർഡർ
May 28, 2024കൊച്ചി: കൊച്ചി ഷിപ്യാർഡ് ലിമിറ്റഡിന് യു.കെ ആസ്ഥാനമായ ഓഫ്ഷോർ റിന്യൂവബിൾ ഓപറേറ്ററായ നോർത്ത് സ്റ്റാർ ഷിപ്പിങ്ങിൽനിന്ന് പുതിയ ഓർഡർ ലഭിച്ചു. വിൻഡ് ഫാമിൽ വിന്യസിക്കുന്നതിനുള്ള ഹൈബ്രിഡ് സർവിസ് ഓപറേഷൻ യാനങ്ങൾ (എസ്.ഒ.വി) നിർമിക്കുന്നതിനുള്ള കരാറാണ് ലഭിച്ചത്.
നോർത്ത് സ്റ്റാർ ഷിപ്പിങ്ങിനുവേണ്ടി സഫോൾക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന സ്കോട്ടിഷ് പവർ റിന്യൂവബിൾസ് ഓഫ്ഷോർ വിൻഡ് ഫാമിൽ വിന്യസിക്കാനുള്ള യാനമാണ് കൊച്ചിയിൽ നിർമിക്കുക.
അത്തരം രണ്ട് കപ്പലുകൾക്കുകൂടി കരാർ ലഭിക്കാനുള്ള അവസരവുമുണ്ട്. നോർത്ത് സ്റ്റാർ ഈ വർഷം ആദ്യം കൊച്ചിൻ ഷിപ്യാർഡുമായി മറ്റൊരു ഹൈബ്രിഡ് എസ്.ഒ.വി കരാറുണ്ടാക്കിയിരുന്നു.
85 എം ഹൈബ്രിഡ് എസ്.ഒ.വികൾ നോർവേയിലെ വി.എ.ആർ.ഡി എ.എസാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കടലിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന വ്യവസായത്തിന്റെ അനുബന്ധ സേവനം, പരിപാലനം, പ്രവർത്തന ആവശ്യങ്ങൾ എന്നിവക്കാണ് എസ്.ഒ.വി യാനങ്ങളെന്ന് കമ്പനി മാനേജിങ് ഡയറക്ടറും ചെയർമാനുമായ മധു നായർ പറഞ്ഞു.