തുംബെ ഗ്രൂപ് എ.ഐ ഡിവിഷൻ ആരംഭിച്ചു
May 24, 2024ദുബൈ: നിർമിത ബുദ്ധി സാങ്കേതിക മുന്നേറ്റങ്ങളെ ഉൾപ്പെടുത്തി ആരോഗ്യ വിദ്യാഭ്യാസ പരിശീലനത്തിലും ക്ലിനിക്കൽ ഹെൽത്ത് കെയർ സർവിസ് മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് തുംബെ ഗ്രൂപ് എ.ഐ ഡിവിഷൻ ആരംഭിച്ചു.
നിർമിതബുദ്ധിയുടെ യുഗത്തിലേക്ക് മാറുമ്പോൾ മെഡിക്കൽ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ഉൾപ്പെടെയുള്ള പ്രധാന ബിസിനസുകളുടെ മുന്നേറ്റത്തിന് എ.ഐ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് തുബെ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബൈ മൊയ്തീൻ പറഞ്ഞു.
രോഗീപരിചരണത്തിലും ചികിത്സഫലങ്ങളിലും സാങ്കേതിക വിദ്യയുടെയും ഡേറ്റ സയൻസിന്റെയും സ്വാധീനം വലുതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് അത്യാധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ തുംബെ ഗ്രൂപ്പിന്റെ ശ്രദ്ധേയമായ സംരംഭമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയുടെ ‘തുംബെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എ.ഐ ഇൻ ഹെൽത്ത് കെയറിന്’ കീഴിൽ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ-ഇൻഡസ്ട്രി-നിർദിഷ്ട പാഠ്യപദ്ധതി ആരോഗ്യ മേഖലയിലെ വിദ്യാർഥികൾക്ക് ലഭ്യമാക്കും. എല്ലാ മെഡിക്കൽ പ്രോഗ്രാമുകളിലും എ.ഐ സ്ട്രീം ആയി അവതരിപ്പിക്കുകയും ഭാവിയിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ ആരംഭിക്കുകയും ചെയ്യും. വിജ്ഞാന കൈമാറ്റം സുഗമമാക്കുകയും നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്ന 200ലധികം വിദ്യാർഥികളുള്ള ഒരു സ്റ്റുഡന്റ് എ.ഐ ക്ലബ് ഇൻസ്റ്റിറ്റ്യൂട്ടും നടത്തും.
ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസം വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ ക്ലിനിക്കൽ ഡെലിവറി മേഖലയിൽ തുംബെ ഗ്രൂപ്പിന്റെ ആശുപത്രികൾ, ഡേകെയർ സെന്ററുകൾ, ക്ലിനിക്കുകൾ, ഡയഗ്നോസ്റ്റിക്സ്, ഫാർമസികൾ എന്നിവയിലുടനീളം കാര്യക്ഷമത വർധിപ്പിക്കുന്നതിനായി എ.ഐ ഡിവിഷൻ സജ്ജമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.