തെരഞ്ഞെടുപ്പിന് പിന്നാലെ നിങ്ങളുടെ ഫോൺ ബിൽ 25 ശതമാനം വർധിച്ചേക്കും; കാരണമിതാണ്
May 20, 2024ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് പിന്നാലെ മൊബൈൽ ഫോൺ കോൾ, ഡാറ്റ നിരക്കുകളിൽ വർധനവുണ്ടാകുമെന്ന് റിപ്പോർട്ട്. നാലാംവട്ട താരിഫ് വർധനക്ക് ടെലകോം കമ്പനികൾ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. 25 ശതമാനത്തോളം വർധനവാണ് കോൾ, ഡാറ്റ നിരക്കുകളിൽ പ്രതീക്ഷിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ടെലകോം മേഖലയിൽ സുസ്ഥിരമായതും മത്സരാധിഷ്ഠിതവുമായ അന്തരീക്ഷം നിലനിർത്താനും 5ജി മേഖലയിലെ വലിയ നിക്ഷേപത്തിനനുസൃതമായി ലാഭം മെച്ചപ്പെടുത്താനും സർക്കാറിൽ നിന്നുള്ള കൂടുതൽ പിന്തുണക്കുമായി 25 ശതമാനത്തോളം താരിഫ് ഉയർത്തേണ്ട സാഹചര്യമാണെന്ന് ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് കാപിറ്റലിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (എ.ആർ.പി.യു) വർധിപ്പിക്കാനാണ് ടെലകോം കമ്പനികളുടെ നീക്കം. അതേസമയം, താരിഫ് വർധന ഉപഭോക്താക്കൾക്ക് വലിയ ബാധ്യതയുണ്ടാക്കില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നഗരങ്ങളിലെ കുടുംബങ്ങൾ നിലവിൽ ആകെ ചെലവിന്‍റെ 3.2 ശതമാനം ടെലകോം സൗകര്യങ്ങൾക്കായി ചെലവഴിക്കുന്നുണ്ട്. താരിഫ് വർധനവോടെ ഇത് 3.6 ശതമാനമെന്ന നിരക്കിലേക്ക് മാത്രമേ ഉയരൂവെന്നാണ് കണക്കാക്കുന്നത്. ഗ്രാമമേഖലകളിൽ ഇത് 5.2 ശതമാനത്തിൽ നിന്ന് 5.9 ശതമാനത്തിലേക്ക് ഉയരും. 25 ശതമാനം നിരക്ക് വർധനവുണ്ടാകുന്നത് എ.ആർ.പി.യുവിൽ 16 ശതമാനത്തിന്‍റെ വർധനക്ക് കാരണമാകും. എയർടെല്ലിന് ഒരു ഉപഭോക്താവിൽ നിന്ന് ശരാശരി 29 രൂപ അധികം ലഭിക്കുമ്പോൾ ജിയോക്ക് ഇത് 26 രൂപയായിരിക്കും.
മാർച്ച് വരെയുള്ള പാദവാർഷികത്തിൽ ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (എ.ആർ.പി.യു) നിലവിൽ ജിയോയ്ക്ക് 181.7 രൂപയാണ്. ഒക്ടോബർ-ഡിസംബർ പാദവാർഷികത്തിൽ എയർടെല്ലിന് ഇത് 208 രൂപയും വി.ഐക്ക് 145 രൂപയുമായിരുന്നു.
ടെലകോം കമ്പനികൾ ഈ കലണ്ടർവർഷാവസാനത്തോടെ ബണ്ടിൽ പ്ലാനുകളിൽ 100 രൂപയുടെ വർധനവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ മൂല്യമുള്ള പ്ലാനുകൾ ഒഴിവാക്കി ഉയർന്ന മൂല്യമുള്ള പ്ലാനുകളിലേക്ക് വരിക്കാരെ ആകർഷിപ്പിക്കും. ഇത് ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനത്തിൽ 120 മുതൽ 200 രൂപയുടെ വരെ വർധനവുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.