സഹകരണ ബ്രാൻഡ് ഉൽപന്നങ്ങൾ വിദേശവിപണിയിലേക്ക്
May 10, 2024കോട്ടയം: സഹകരണ സംഘങ്ങൾ ഉൽപാദിപ്പിക്കുന്ന മൂല്യവർധിത ഉൽപന്നങ്ങൾ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കയറ്റുമതി ചെയ്യും. 20ന് ആദ്യ കണ്ടെയ്നർ അമേരിക്കയിലേക്ക് അയക്കും. രാജ്യത്തെ ആദ്യ സഹകരണ കയറ്റുമതികേന്ദ്രം തുടങ്ങാനും വകുപ്പ് ഒരുക്കം തുടങ്ങിയതായി സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. നിലവിലെ കോ-ഓപ് മാർട്ടുകൾ എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കും. മറ്റു സംസ്ഥാനങ്ങളിൽ സഹകരണ ഉൽപന്നങ്ങളെത്തിക്കാനും പദ്ധതിയുണ്ട്.
ഭക്ഷ്യസംസ്കരണ വിഭാഗത്തിൽ 360ഓളം ഉൽപന്നങ്ങൾ സഹകരണ സംഘങ്ങളുടേതായുണ്ട്. ഗുണനിലവാരം ഉറപ്പാക്കി ഇവ കയറ്റുമതി ചെയ്യും. വാരപ്പെട്ടി, എൻ.എം.ഡി.സി എന്നിവക്കു പുറമെ നന്ദിയോട്, മറയൂർ, തങ്കമണി, മാങ്കുളം, കാക്കൂർ, റെയ്ഡ് കോ, അഞ്ചരക്കണ്ടി, ഒക്കൽ, പള്ളിയാക്കൽ, കൊടിയത്തൂർ, മാഞ്ഞാലി, കാരമല, ഉദുമ, വെണ്ണൂർ, ഭരണിക്കാവ്, ഊർങ്ങാട്ടരി, കൊട്ടൂർ, ഏറമം തുടങ്ങിയ സംഘങ്ങളാണ് കയറ്റുമതിക്ക് ആവശ്യമായ മൂല്യവർധിത ഉൽപന്നങ്ങൾ എത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.