പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ഫെഡറൽ റിസർവ്
May 2, 2024വാഷിങ്ടൺ: വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. പലിശനിരക്കുകളിൽ ഫെഡറൽ റിസർവ് ഇക്കുറി കുറവ് വരുത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, പണപ്പെരുപ്പത്തിലുണ്ടായ വർധന യു.എസ് കേന്ദ്രബാങ്കിനെ അതിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. സമ്പദ്‍വ്യവസ്ഥ സന്തുലിതമായ അവസ്ഥയിലേക്ക് എത്തിയതിന് ശേഷമേ പലിശനിരക്കുകൾ കുറക്കുവെന്ന് ഫെഡറൽ റിസർവ് അറിയിച്ചു.
രണ്ട് ദിവസത്തെ യോഗത്തിനൊടുവിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പണപ്പെരുപ്പത്തിൽ കുറവുണ്ടായെന്ന് ഫെഡറൽ റിസർവ് വിലയിരുത്തി. എന്നാൽ, ഫെഡറൽ റിസർവ് ലക്ഷ്യമായ രണ്ട് ശതമാനത്തിലേക്ക് പണപ്പെരുപ്പം എത്തിയാൽ മാത്രമേ പലിശനിരക്ക് കുറക്കുവെന്നാണ് സൂചന. വരുംമാസങ്ങളിൽ പലിശനിരക്ക് രണ്ട് ശതമാനത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
അതേസമയം, പലിശനിരക്ക് കുറക്കൽ എപ്പോഴുണ്ടാകുമെന്ന് പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. പണപ്പെരുപ്പം കുറഞ്ഞുവെങ്കിലും ഫെഡറൽ റിസർവിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിലേക്ക് അത് നീങ്ങുന്നതിന്റെ സൂചനകളില്ലെന്നാണ് യു.എസ് കേന്ദ്രബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
ഇതോടെ യു.എസിൽ പലിശനിരക്ക് 5.25-5.50 ശതമാനത്തിൽ തുടരും. ഈ വർഷം മാർച്ചിൽ പലിശനിരക്ക് കുറക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും പണപ്പെരുപ്പം ഫെഡറൽ റിസർവിന്റെ ലക്ഷ്യത്തിലേക്ക് എത്താതിരുന്നതോടെ അത് നീണ്ടു പോവുകയായിരുന്നു. നേരത്തെ ഈ വർഷത്തിൽ മൂന്ന് തവണയെങ്കിലും ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.