അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയ ഓഫ്‌ഷോർ ഫണ്ടുകളുടെ നിയമ ലംഘനം സെബി കണ്ടെത്തിയെന്ന് റോയിട്ടേഴ്സ്

അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയ ഓഫ്‌ഷോർ ഫണ്ടുകളുടെ നിയമ ലംഘനം സെബി കണ്ടെത്തിയെന്ന് റോയിട്ടേഴ്സ്

April 23, 2024 0 By BizNews

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപം നടത്തിയിരിക്കുന്ന 12 ഓഫ്‌ഷോർ ഫണ്ടുകൾ നിക്ഷേപ പരിധിയടക്കം നിയമങ്ങൾ ലംഘിച്ചതായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കണ്ടെത്തയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഈ വർഷമാദ്യം അദാനി ഗ്രൂപ്പിന്‍റെ ഓഫ്‌ഷോർ നിക്ഷേപകർക്ക് നിക്ഷേപ പരിധി ലംഘനമടക്കം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിലപാട് വിശദീകരിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നതായും റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.

വ്യക്തിഗത ഫണ്ട് തലത്തിലാണ് ഓഫ്ഷോർ ഫണ്ടുകൾ അദാനി ഗ്രൂപ്പിൽ നിക്ഷേപം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗ്രൂപ്പ് തലത്തിൽ ഹോർഡിങ്ങുകൾ വെളിപ്പെടുത്തണമെന്നാണ് സെബി നിർദേശിച്ചത്. എട്ട് ഓഫ്‌ഷോർ ഫണ്ടുകൾ കുറ്റം സമ്മതിക്കാതെ പിഴയടച്ച് ചാർജുകൾ തീർപ്പാക്കാൻ സെബിയെ സമീപിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ചില വിനിമയങ്ങൾ വെളിപ്പെടുത്തുന്നതിൽ സെബി ക്രമക്കേടുകൾ കണ്ടെത്തിയതായി 2023 ആഗസ്റ്റിൽ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

ഓരോ എന്‍റിറ്റിയുടെയും ഓരോ നിയമ ലംഘനത്തിനും ഒരു കോടി രൂപ വരെ പിഴ ഈടാക്കാവുന്നതാണ്. മാത്രമല്ല, ഈ പിഴ ഈടാക്കുന്നത് ഓഹരി വിപണിയിൽ ഇവയെ നിരോധിക്കുന്നതിലേക്ക് വരെ നയിച്ചേക്കാമെന്നും റോയിട്ടേഴ്സ് പറയുന്നു.

അദാനി ഗ്രൂപ്പിനെതിരെ സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിങ് തട്ടിപ്പും ആരോപിച്ച് 2023 ജനുവരി 24 ന് പുറത്തുവന്ന ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ ആരോപണങ്ങളിലെ പ്രധാന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സെബി ഉദ്ദേശിച്ചിരുന്നു.