ആസ്റ്റര്‍ ജി.സി.സി, ഇന്ത്യ ബിസിനസുകൾ വേർതിരിച്ചു
April 4, 2024ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന്റെ ജി.സി.സിയിലെയും ഇന്ത്യയിലെയും ബിസിനസുകളെ രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളായി വേര്‍തിരിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കൂട്ടായ്മ 65 ശതമാനം ഓഹരികള്‍ സ്വന്തമാക്കി.
ഡോ. ആസാദ് മൂപ്പന് കുടുംബം 35 ശതമാനം ഓഹരിയും നിലനിര്‍ത്തി. ജി.സി.സി ബിസിനസിന്റെ ഇക്വിറ്റി മൂല്യം 100 കോടി യു.എസ് ഡോളര്‍ ആക്കിയ ഇടപാടിന്റെ നടപടിക്രമങ്ങളാണ് ഇപ്പോള്‍ സമാപിച്ചത്. ഡോ. ആസാദ് മൂപ്പന് സ്ഥാപക ചെയര്‍മാനായും അലീഷ മൂപ്പന് ആസ്റ്റര്‍ ജി.സി.സിയുടെ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒ ആയും സേവനമനുഷ്ഠിക്കും. 1987ലാണ് ഡോ. ആസാദ് മൂപ്പന് ആസ്റ്റര്‍ ദുബൈയിൽ ആദ്യ ക്ലിനിക് ആരംഭിക്കുന്നത്. വൈകാതെ അദ്ദേഹം യു.എ.ഇയിലുടനീളം സ്ഥാപനം വ്യാപിക്കുകയും ചെയ്തു.
യു.എ.ഇ കൂടാതെ കെ.എസ്.എ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലായി 15 ആശുപത്രികളും 117 ക്ലിനിക്കുകളും 285 ഫാര്‍മസികളും ആസ്റ്ററിനുണ്ട്. യു.എ.ഇയില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ രോഗികള്‍ക്ക് തൃതീയ, ക്വാട്ടര്‍നറി പരിചരണത്തിനുള്ള ലോകോത്തര ലക്ഷ്യസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഖുസൈസിലെ 126 കിടക്കകളുള്ള മെഡ് കെയര്‍ റോയല്‍ ഹോസ്പിറ്റല്‍ കമ്പനി ഉടന്‍തന്നെ തുറന്ന് നല്‍കും.
സൗദിയിൽ അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ 180 പുതിയ റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കും. ജി.സി.സിയിലെ ആസ്റ്ററിന്റെ രോഗികള്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനുള്ള പദ്ധതികളാണ് ഒരുമിച്ച് വിഭാവനം ചെയ്യുന്നതെന്നും ഡോ. ആസാദ് മൂപ്പന് വ്യക്തമാക്കി. ആസ്റ്ററിന് ആവേശകരമായ ഒരു പുതിയ അധ്യായത്തിന് തുടക്കമിടുന്നതാണ് പ്രഖ്യാപനമെന്ന് ഫജ്ര്‍ ക്യാപിറ്റൽ സി.ഇ.ഒ ഇഖ്ബാല്‍ ഖാന് പറഞ്ഞു.