എളുപ്പമല്ല ഇനി ക്രെഡിറ്റ് കാർഡ് റിവാർഡുകൾ

എളുപ്പമല്ല ഇനി ക്രെഡിറ്റ് കാർഡ് റിവാർഡുകൾ

April 1, 2024 0 By BizNews

പുതിയ സാമ്പത്തികവർഷത്തിന്റെ തുടക്കമായ ഏപ്രിൽ നിരവധി സാമ്പത്തിക പരിഷ്കാരങ്ങൾക്ക് തുടക്കംകുറിക്കുന്ന കാലംകൂടിയാണ്. ഇത്തവണ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ വരുന്നുണ്ട്. ​ റിവാർഡ് പദ്ധതികൾ, പ്രമോഷനൽ ഓഫറുകൾ, വാർഷിക ഫീസ്, യോഗ്യത മാനദണ്ഡങ്ങൾ എന്നിവയാണ് സാധാരണ പരിഷ്കരിക്കാറുള്ളത്. ഏപ്രിൽ ഒന്നു മുതൽ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ച് പറയാം.

എസ്.ബി.ഐ കാർഡ്

ക്രെഡിറ്റ് ഉപയോഗിച്ച് വീടിന്റെ വാടക നൽകുമ്പോൾ നേരത്തേ റിവാർഡ് പോയന്റുകൾ ലഭിച്ചിരുന്നു. ഈ പോയൻറുകൾ എസ്.ബി.ഐ കാർഡ് അവസാനിപ്പിക്കുകയാണ്. ഓറം, എസ്.ബി.ഐ കാർഡ് എലൈറ്റ്, എസ്.ബി.ഐ കാർഡ് എലൈറ്റ് അഡ്വന്റേജ്, എസ്.ബി.ഐ കാർഡ് പൾസ്, സിംപ്ലി ക്ലിക് എസ്.ബി.ഐ കാർഡ് തുടങ്ങിയവയിലാണ് മാറ്റം വരുന്നത്. എയർ ഇന്ത്യ എസ്.ബി.ഐ പ്ലാറ്റിനം കാർഡ്, ആദിത്യ ബിർള എസ്.ബി.ഐ കാർഡ് സെലക്ട് തുടങ്ങിയ ക്രെഡിറ്റ് കാർഡുകളിൽ റിവാർഡ് പോയൻറുകൾ ഏപ്രിൽ 15ഓടെ ഇല്ലാതാകും.

യെസ് ബാങ്ക്

വിമാനത്താവള ലോഞ്ച് ഉപയോഗത്തിലാണ് യെസ് ബാങ്ക് ക്രെഡിറ്റ് മാറ്റം വരുത്തിയത്. ആഭ്യന്തര വിമാനത്താവള ലോഞ്ചുകളിൽ സൗജന്യ പ്രവേശനം ലഭിക്കാൻ പുതിയ മാനദണ്ഡം കൊണ്ടുവന്നു. മൂന്നു മാസത്തിനുള്ളിൽ 10,000 രൂപ അല്ലെങ്കിൽ അതിൽ കൂടുതൽ ചെലവഴിക്കണം. യെസ് മാർക്കീ, യെസ് സെലക്ട്, യെസ് റിസർവ്, യെസ് ഫസ്റ്റ് പ്രിഫേർഡ്, യെസ് ബാങ്ക് എലൈറ്റ്, യെസ് ബി.വൈ.ഒ.സി, യെസ് വെൽനസ് പ്ലസ് തുടങ്ങി കാർഡുകളിലാണ് മാറ്റം വരുന്നത്.

ഐ.സി.ഐ.സി.ഐ ബാങ്ക്

വിമാനത്താവള ലോഞ്ചുകളിൽ സൗജന്യ പ്രവേശനം ലഭിക്കുന്നതിന് മാനദണ്ഡങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ഐ.സി.ഐ.സി.ഐ ബാങ്ക്. അതായത്, ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഓരോ പാദത്തിലും ഒരു സൗജന്യ വിമാനത്താവള ലോഞ്ച് പ്രവേശനം ലഭിക്കും. മുൻ പാദത്തിൽ കുറഞ്ഞത് 35,000 രൂപ ചെലവഴിക്കണമെന്നതാണ് പുതിയ മാനദണ്ഡം. അതായത്, 2024 ഏപ്രിൽ മുതൽ ജൂൺ വരെ സൗജന്യ ലോഞ്ച് സൗകര്യത്തിന് യോഗ്യത നേടുന്നതിന്, 2024 ജനുവരിക്കും മാർച്ചിനും ഇടയിൽ നിങ്ങൾ കുറഞ്ഞത് 35,000 രൂപ ചെലവഴിക്കണം.

ആക്സിസ് ബാങ്ക്

മാഗ്നസ് ക്രെഡിറ്റ് കാർഡിന്റെ ചട്ടങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ആക്സിസ് ബാങ്ക്. ഇൻഷുറൻസ്, സ്വർണം/ആഭരണങ്ങൾ, പെട്രോൾ ഉൾപ്പെടെ ഇന്ധനങ്ങൾ എന്നിവ വാങ്ങിയാൽ ഇനി റിവാർഡ് ലഭിക്കില്ല. വാർഷിക ഫീസ് ഇളവ് ലഭിക്കാനുള്ള ചെലവ് പരിധി മറികടക്കാനും ഈ ഉൽപന്നങ്ങൾ വാങ്ങിയിട്ട് കാര്യമില്ല. ബുക്മൈഷോയിലൂടെ ടിക്കറ്റ് വാങ്ങിയാൽ ഒരു ടിക്കറ്റ് സൗജന്യമായി ലഭിച്ചിരുന്നത് നിർത്തലാക്കും.

വിമാനത്താവളത്തിലെ പ്രക്രിയ എളുപ്പമാക്കാൻ ലഭിച്ചിരുന്ന സൗജന്യ സേവനം നിർത്തലാക്കും. ആഭ്യന്തര ലോഞ്ചുകളിൽ സൗജന്യ പ്രവേശനം ലഭിക്കാൻ കഴിഞ്ഞ മൂന്നു മാസങ്ങളിൽ കുറഞ്ഞത് 50,000 രൂപ ചെലവഴിക്കണം. വിമാനത്താവള ലോഞ്ചുകളിൽ സൗജന്യ സന്ദർശനങ്ങളുടെ എണ്ണം വർഷത്തിൽ എട്ടിൽനിന്ന് നാലായി കുറച്ചു. ഏപ്രിൽ 20 മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരുക.