സോളാർ വൈദ്യുതിയ്ക്കുള്ള നിലവിലെ ബില്ലിങ് രീതി തുടരും

സോളാർ വൈദ്യുതിയ്ക്കുള്ള നിലവിലെ ബില്ലിങ് രീതി തുടരും

March 21, 2024 0 By BizNews

തിരുവനന്തപുരം: പുരപ്പുറ സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നവർക്ക് നിലവിലെ ബില്ലിങ് രീതിയിൽ മാറ്റം വരുത്താൻ നടപടികൾ എടുത്തിട്ടില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. നിലവിലുള്ള ബില്ലിങ് രീതി തുടരും. ഇത് മാറ്റാൻ കെ.എസ്.ഇ.ബി. അപേക്ഷ നൽകിയിട്ടില്ലെന്നും കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് പറഞ്ഞു.

പുനരുപയോഗ സ്രോതസ്സുകളുടെ മീറ്ററിങ് സംബന്ധിച്ച കരട് ചട്ടങ്ങളെപ്പറ്റിയുള്ള തെളിവെടുപ്പിലാണ് കമ്മിഷൻ ഇത് വ്യക്തമാക്കിയത്.

നിലവിൽ സോളാർ വൈദ്യുതി ഉത്പാദകർക്ക് ലാഭകരമായ നെറ്റ് ബില്ലിങ് രീതി മാറ്റി, വൈദ്യുതി ബോർഡിന് കൂടുതൽ പണം നൽകേണ്ടിവരുന്ന ഗ്രോസ് മീറ്ററിങ് നടപ്പാക്കുമെന്ന ആശങ്കയെത്തുടർന്ന് സോളാർ വൈദ്യുതി ഉത്പാദകരും കമ്പനി പ്രതിനിധികളുമായി ഒട്ടേറെപ്പേർ തെളിവെടുപ്പിനെത്തിയിരുന്നു.

ചെറിയ ഹാളിൽ ഇവരെ ഉൾക്കൊള്ളാനാവാതെ വന്നതോടെ ബഹളമായി. തെളിവെടുപ്പ് മാറ്റിവെക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ, മാറ്റിവെക്കാനാവില്ലെന്നും വിശദതെളിവെടുപ്പ് പിന്നീട് നടത്താമെന്നും കമ്മിഷൻ പറഞ്ഞു.

ഇക്കാര്യത്തിൽ കമ്മിഷന്റെ ഉറപ്പുവേണമെന്ന് തെളിവെടുപ്പിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ബോർഡ് ഈ ആവശ്യം ഉന്നയിച്ചാൽ എല്ലാവരുടെയും അഭിപ്രായം കേട്ടശേഷംമാത്രമേ തീരുമാനമെടുക്കൂ എന്ന് കമ്മിഷൻ പറഞ്ഞു.

തെളിവെടുപ്പിൽ പങ്കെടുത്തവരൊക്കെ ബില്ലിങ് രീതി മാറ്റരുതെന്ന് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ഭേദഗതിയിൽ ബില്ലിങ് രീതി സംബന്ധിച്ച നിർവചനം ഉൾപ്പെടുത്തുകമാത്രമാണ് ചെയ്തതെന്ന് കമ്മിഷൻ പറഞ്ഞു.

ഇത് കേന്ദ്രസർക്കാരിന്റെ ഉത്തരവിനെ പിന്തുടർന്നാണ്. അല്ലാതെ ഈ മാറ്റം നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കമ്മിഷൻ വിശദീകരിച്ചു. ബുധനാഴ്ച 11-ന് തുടങ്ങിയ തെളിവെടുപ്പ് ഏഴുവരെ നീണ്ടു.

നെറ്റ് ബില്ലിങ് രീതി മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. മറ്റുപല സംസ്ഥാനങ്ങളും ബില്ലിങ് രീതി മാറ്റിയെങ്കിലും സോളാർ വൈദ്യുതി ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ തീരുമാനം.

എന്നാലിത് ബോർഡിന്റെ സാമ്പത്തിക സുസ്ഥിരതയെ ബാധിക്കും. ഇതും സംസ്ഥാനത്തിന്റെ സൗരോർജ വൈദ്യുതിയുത്പാദന നയവും സംബന്ധിച്ച വിശദമായ പരിശോധന നടത്തിയശേഷമേ ബില്ലിങ് രീതി മാറ്റുന്നതിൽ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.