ഓഹരി വിൽപനയിലൂടെ ദുബൈ കമ്പനികൾ 3450 കോടി സമാഹരിച്ചു
March 14, 2024ദുബൈ: കഴിഞ്ഞ മൂന്നുവർഷത്തിനിടെ എമിറേറ്റിലെ കമ്പനികൾ ഓഹരി വിൽപന വഴി 3450 കോടി ദിർഹം സമാഹരിച്ചു. തുടർച്ചയായ പ്രാഥമിക ഓഹരി വിൽപനകൾ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിന് ശക്തമായ വളർച്ച നിലനിർത്താൻ സഹായിച്ചതായും അധികൃതർ വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം ആഗോളതലത്തിലെ പൊതുസൂചിക പ്രകാരം ഏറ്റവും മികച്ച അഞ്ചാമത്തെ പ്രകടനമാണ് ദുബൈ അടയാളപ്പെടുത്തിയതെന്ന് ദുബൈ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ചിനെ ഉദ്ധരിച്ച് ദുബൈ മീഡിയ ഓഫിസ് വെളിപ്പെടുത്തി. അസാധാരണമായ പ്രകടനം കൈവരിച്ചതിനു പുറമെ, എട്ടു വർഷത്തിനിടെ ആദ്യമായി 4000 പോയൻറ് കടന്നതും കഴിഞ്ഞ വർഷത്തെ നേട്ടമാണ്.
വ്യാപാരപ്രവർത്തനങ്ങളിലെ ഗണ്യമായ വർധന, മൂലധന ഒഴുക്കിലെ വർധന, നിക്ഷേപകരുടെ ഒഴുക്ക് എന്നിവ എമിറേറ്റിന്റെ ഓഹരി വിപണിയുടെ റെക്കോഡ് പ്രകടനത്തിന് കാരണമായി. കഴിഞ്ഞ വർഷം പ്രധാന ആഗോള വിപണികളെ മറികടന്ന ദുബൈ ഫിനാൻഷ്യൽ മാർക്കറ്റ്, 2022 മുതൽ 2.3 ലക്ഷം പുതിയ നിക്ഷേപകരെ ആകർഷിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷം അവസാനത്തോടെ മൂലധനം 688 ബില്യൺ ദിർഹമായി ഉയർത്തുകയും ചെയ്തു.
ഒരു വർഷം മുമ്പ് 582 ബില്യൺ ദിർഹമായിരുന്നതാണ് കുത്തനെ ഉയർന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.ആഗോള സാമ്പത്തികരംഗത്ത് ദുബൈയുടെ മുൻനിര സ്ഥാനം ഉറപ്പിക്കുന്നതിലും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ഉന്നത സമിതിയുടെ നേട്ടങ്ങൾ നിർണായക പങ്കുവഹിച്ചതായി യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
കഴിഞ്ഞ വർഷം ജി.സി.സിയിൽ ഐ.പി.ഒ വഴി സമാഹരിച്ച ഫണ്ടിന്റെ കാര്യത്തിൽ യു.എ.ഇ ഒന്നാമതാണ്. അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ യു.എ.ഇയുടെ സമ്പദ്വ്യവസ്ഥയിലെ തുടർച്ചയായ സാമ്പത്തിക കുതിപ്പും സ്വകാര്യ, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളുടെ പബ്ലിക് ലിസ്റ്റിങ്ങുകളും കാരണമായാണ് രണ്ടു വർഷമായി മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്നത്.
ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത മിക്ക സ്റ്റോക്കുകളുടെയും മികച്ച പ്രകടനം ഈ വർഷം കൂടുതൽ കമ്പനികളെ ലിസ്റ്റ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.