ഒരു തൊഴിലവസരവും സൃഷ്ടിച്ചില്ല; ഇൻഫോസിസിന് നൽകിയ ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് കർണാടക എം.എൽ.എ
February 14, 2024ബംഗളൂരു: കർണാടകയിൽ ഇൻഫോസിസിന് നൽകിയ ഭൂമി തിരികെ പിടിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് അരവിന്ദ് ബെല്ലാഡ്. ഐ.ടി ഭീമന് നൽകിയ 58 ഏക്കർ ഭൂമി തിരികെ പിടിക്കണമെന്നാണ് ആവശ്യം. ഒരു തൊഴിലവസരം പോലും കമ്പനി സൃഷ്ടിക്കാത്ത സാഹചര്യത്തിൽ ഹുബ്ബള്ളിയിലെ ഭൂമി തിരികെ പിടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്ന് കർണാടക മന്ത്രി ഉറപ്പുനൽകി.
വ്യവസായ സ്ഥാപനങ്ങളിൽ അത് നിലനിൽക്കുന്ന പ്രദേശത്തുള്ള യുവാക്കൾക്ക് തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട് ഹുബ്ബള്ളി-ധർവാർഡ്(വെസ്റ്റ്) എം.എൽ.എ കൊണ്ടുവന്ന ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന്റെ ചർച്ചക്കിടെയാണ് പ്രതിപക്ഷ ഉപനേതാവ് ഇക്കാര്യം പറഞ്ഞത്.
ഏക്കറിന് 1.5 കോടി രൂപ വിലയുള്ള ഭൂമിയാണ് ഇൻഫോസിസിന് 35 ലക്ഷം രൂപക്ക് നൽകിയത്. തങ്ങൾക്ക് തൊഴിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ ഉൾപ്പടെ ഭൂമി കൈമാറിയത്. ഇപ്പോൾ തനിക്ക് അവരുടെ മുഖത്ത് നോക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും പ്രതിപക്ഷ ഉപനേതാവ് പറഞ്ഞു.
ഇൻഫോസിസിന്റെ പേര് പരാമർശിക്കാതെയായിരുന്നു പാട്ടീൽ ചോദ്യത്തിന് മറുപടി നൽകിയത്. ഭൂമി നൽകിയ കമ്പനിക്ക് നോട്ടീസയച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.