ക്ഷേമ പെൻഷൻ വർധിപ്പിച്ചില്ല; സ്വകാര്യ നിക്ഷേപത്തിന് പച്ചക്കൊടി കാട്ടി ബജറ്റ്
February 5, 2024തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെ രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രതീക്ഷിച്ചത് പോലെ ക്ഷേമ പെൻഷൻ ഇക്കുറിയും വർധിപ്പിച്ചിട്ടില്ല. അതേസമയം, കുടിശ്ശികയില്ലാതെ ക്ഷേമ പെൻഷൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെ കൈയിലെടുക്കുന്നതിനുള്ള നിർദേശങ്ങളും ഇക്കുറി ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യമായ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ പുനഃപരിശോധനയുണ്ടാവുമെന്ന ഉറപ്പ് ബജറ്റിൽ ധനമന്ത്രി നൽകുന്നുണ്ട്. പദ്ധതിയിൽ മാറ്റം വരുത്തി ജീവനക്കാർക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്ന പുതിയ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. ഇതിനൊപ്പം ഡി.എ കുടിശ്ശികയിലെ ഒരു ഗഡു അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനവും ജീവനക്കാർക്ക് ഗുണകരമാവും.
സ്വകാര്യ നിക്ഷേപത്തിന്റെ കൂടി കൂട്ടുപിടിച്ച് വികസനത്തിലേക്ക് ചുവടുവെക്കുകയെന്ന നയമാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. വ്യവസായ മേഖലയിൽ തുടങ്ങി വിദ്യാഭ്യാസ മേഖലയിൽ വരെ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനുള്ള നിർദേശങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. കേരളത്തെ ഒരു വിജ്ഞാന സമ്പദ്‍വ്യവസ്ഥയാക്കി മാറ്റുകയെന്ന പിണറായി സർക്കാറിന്റെ പ്രഖ്യാപിത നയത്തിന് കരുത്ത് പകരുന്നതിനുള്ള നിർദേശങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. അധികവിഭവ സമാഹരണത്തിനുള്ള നിർദേശങ്ങളും കൂടി ഉൾക്കൊള്ളുന്നതാണ് കെ.എൻ ബാലഗോപാലിന്റെ നാലാം ബജറ്റ്.
കേന്ദ്രസർക്കാറിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. കേന്ദ്രസർക്കാറിന്റെ അവഗണന അതിന്റെ പാരമ്യത്തിലെത്തിയെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ ഇനിയും അവഗണന തുടങ്ങുകയാണെങ്കിൽ പ്ലാൻ ബിയെ കുറിച്ച് ആലോചിക്കേണ്ടി വരും. സംസ്ഥാന സർക്കാറിനൊപ്പം സമരം ചെയ്തില്ലെങ്കിലും പ്രതിപക്ഷം സ്വന്തംനിലക്ക് കേന്ദ്രസർക്കാറിനെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാറിനൊപ്പം സംസ്ഥാനത്തെ പ്രതിപക്ഷവും ധനമന്ത്രിയുടെ വിമർശനങ്ങളുടെ ചൂടറിഞ്ഞു.