പ്രവർത്തനം വ്യാപിപ്പിക്കാൻ വിപുല പദ്ധതിയുമായി പാരമൗണ്ട് ഗ്രൂപ്
January 21, 2024ദുബൈ: യു.എ.ഇ, ഖത്തർ, ഒമാൻ, സൗദി , ബഹ്റൈൻ, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലായി പാരമൗണ്ട് ഗ്രൂപ് പുതിയ പദ്ധതികൾ നടപ്പാക്കുന്നു. ദുബൈയിൽ വാർത്തസമ്മേളനത്തിലാണ് കമ്പനി പുതിയ നിക്ഷേപ പദ്ധതികൾ വെളിപ്പെടുത്തിയത്. പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ കോർപറേറ്റ് ആസ്ഥാന മന്ദിരം ചൊവ്വാഴ്ച ഷാർജ ഇൻഡസ്ട്രിയൽ ഏരിയ-12ൽ ഉദ്ഘാടനം ചെയ്യുമെന്നും ഖത്തറിലെ പുതിയ വിപുലീകരണ പദ്ധതിയുടെ ലോഞ്ചിങ് ഫെബ്രുവരി 22ന് നടക്കുമെന്നും മാനേജിങ് ഡയറക്ടർ കെ.വി. ഷംസുദ്ദീൻ അറിയിച്ചു.
ഗൾഫ് മേഖലയിൽ ഫുഡ് സർവിസ് എക്യുപ്മെന്റ് സൊലൂഷൻ രംഗത്ത് മുൻനിരയിലെ സ്ഥാപനമാണ് പാരമൗണ്ട് ഗ്രൂപ്. കഴിഞ്ഞ 36 വർഷമായി ഫുഡ് സർവിസ് എക്യുപ്മെന്റ് ഇൻഡസ്ട്രിയിൽ ഞങ്ങളുണ്ട്.
ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളും പ്രവണതകളും കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഫുഡ് ഇൻഡസ്ട്രിയുടെ വർധിച്ച ആവശ്യങ്ങൾക്കനുസരിച്ച് പാരമൗണ്ട് ഗ്രൂപ്പിന്റെ പ്രവർത്തനം ലോകമാകെ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അതിനായി ഷാർജ കേന്ദ്രമാക്കി 10കോടി ദിർഹത്തിന്റെ നിക്ഷേപത്തിനാണ് പാരമൗണ്ട് ഗ്രൂപ് ഒരുങ്ങുന്നത് -കെ.വി. ഷംസുദ്ദീൻ വിശദമാക്കി. മിഡിലീസ്റ്റിലും ആഫ്രിക്കൻ രാജ്യങ്ങളിലും പാരമൗണ്ടിന്റെ സാന്നിധ്യം ശക്തമാക്കും.ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയില് അടുത്ത 20 വർഷത്തെ മാറ്റങ്ങൾ മുൻകൂട്ടിക്കണ്ടുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.
ഫുഡ് ആൻഡ് ബിവറേജ് മേഖലയിൽ ആർജിച്ച അനുഭവങ്ങൾ ലോകത്തിനാകെ ഉപകരിക്കുന്നതാക്കും -എക്സിക്യൂട്ടിവ് ഡയറക്ടർ ഹിഷാം ഷംസ് പറഞ്ഞു. ഡയറക്ടർ അഫ്ര ഷംസ്, എക്സിക്യൂട്ടിവ് ഡയറക്ടർ അമർ ഷംസ്, ഡാനിയൽ ടി. സാം(ഖത്തർ ജന.മാനേജർ) എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.