എം.ഐ ബാന്‍ഡ് 3-ാമന്‍ വരുന്നു

എം.ഐ ബാന്‍ഡ് 3-ാമന്‍ വരുന്നു

September 28, 2018 0 By

കൈയില്‍ റിസ്റ്റ് വാച്ചിന് പകരം അതുക്കും മുകളിലുള്ള കുഞ്ഞന്‍ ഗാഡ്ജറ്റുകള്‍ ഇടംപിടിച്ചത് അടുത്ത കാലത്താണ്. ആപ്പിള്‍ വാച്ചു മുതല്‍ എം.ഐ ബാന്‍ഡുവരെ മാര്‍ക്കറ്റില്‍ പോക്കറ്റിന്റെ കനത്തിനനുസരിച്ച് വാങ്ങാന്‍ നിരവധിയെണ്ണമുണ്ട്. അവര്‍ക്കിടയിലേക്കാണ് കാത്തിരുന്ന എം.ഐ ബാന്‍ഡ് മൂന്നിന്റെ വരവ്. ഷവോമി എന്നു കേട്ട് ചില്ലറക്കാരനാണ് ഇതെന്ന് തെറ്റിദ്ധരിക്കരുത്.

ചൈനയില്‍ അടുത്തിടെയാണ് മൂന്നാമന്‍ എം.ഐ ബാന്‍ഡ് പുറത്തിറങ്ങിയത്. രണ്ടാമനേക്കാള്‍ വലിയ ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേയാണ്, വെള്ളം കടക്കാത്തവനാണ്. 0.78 ഇഞ്ച് ഒലെഡ് ടച്ച് സ്‌ക്രീന്‍ ത്രീഡി കര്‍വ്ഡ് ഡിസ്പ്ലേയാണ്. 128×80 പിക്സലാണ് റെസല്യൂഷന്‍. ടെക്സ്റ്റ് മെസേജുകളും ആപ്പ് നോട്ടിഫിക്കേഷനുകളും കാണാന്‍ അതു മതി. താണ്ടിയ കാലടികളുടെ എണ്ണവും ഹൃദയസ്പന്ദനവും, കത്തിച്ചുകളയാനുള്ള കലോറിയുടെ ഭാരവും, നടന്നു തീര്‍ത്ത ദൂരവുമെല്ലാം ഈ നീളത്തിലുള്ള ഡിസ്പ്ളേയില്‍ വെള്ള വെളിച്ചത്തില്‍ കാണാം. ഫോണില്‍ വരുന്ന കോളുകള്‍ ആരുടേതെന്നറിയാം, ഒറ്റ ടാപ്പില്‍ മിണ്ടാതാക്കാം, നീട്ടി പ്രസ് ചെയ്ത് കട്ടു ചെയ്യുകയുമാകാം.

തലക്കെട്ടില്‍ പറഞ്ഞ പോലെ 20 ദിവസം ബാന്‍ഡിനെ കെടാതെ കാക്കുന്നത് 1100 എംഎഎച്ച് ലിയോണ്‍ പോളിമര്‍ ബാറ്ററിയാണ്. രണ്ടാമനേക്കാള്‍ 60 ശതമാനം മികച്ച കപ്പാസിറ്റി. വലിപ്പം കൂടിയാലും എല്ലാം കൂടി തൂക്കം 20 ഗ്രാമില്‍ ഒതുങ്ങും.

ആമസോണിലാണ് മൂന്നാമന്‍ എം.ഐ ബാന്‍ഡ് എത്തുന്നത്. എം.ഐ സ്റ്റോറിലും സഹോദര സൈറ്റുകളിലും കിട്ടും. ഓറഞ്ച്, കറുപ്പ്, നീല എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭ്യം.

സ്റ്റോപ്പ് വാച്ച്, അലാറം, ഫൈന്‍ഡ് യുവര്‍ ഫോണ്‍ ഫീച്ചറുകളാണ് പുത്തനായെത്തുന്നത്. പെഡോമീറ്റര്‍ തകര്‍പ്പനാണെന്നാണ് ഷവോമി പറയുന്നത്. അത് നമുക്ക് ഉപയോഗിച്ച് തീരുമാനിക്കാം.

ആന്‍ഡ്രോയ്ഡ് 4.4 മുതലും ഐ.ഒ.എസ് 9.0 മുതലുമുള്ള ഫോണുകളില്‍ എം.ഐ ബാന്‍ഡ് 3 ഉപയോഗിക്കാം.