2024ൽ നിഫ്റ്റി ഉയരുമോ, വീഴുമോ? പ്രവചനവുമായി ഗോൾഡ്മാൻ സാച്ചസ്
January 9, 2024മുംബൈ: 2024ൽ നിഫ്റ്റിയുടെ ഉയർച്ച സംബന്ധിച്ച് പ്രവചനം നടത്തി അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ്മാൻ സാച്ചസ്. 21,800ൽ നിന്നും 23,500ലേക്ക് നിഫ്റ്റി50 കുതിക്കുമെന്നാണ് പ്രവചനം. നിലവിലെ സ്ഥിതിയിൽ നിന്നും സൂചിക എട്ട് ശതമാനം വരെ ഉയരുമെന്നാണ് സാച്ചസ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച 31 പോയിന്റ് നേട്ടത്തോടെ 21,544ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ രണ്ട് മാസമായുള്ള മാക്രാ ഇക്കണോമിക് സാഹചര്യങ്ങൾ നിഫ്റ്റിക്ക് അനുകൂലമാണ്. യു.എസിലും ഏഷ്യൻ രാജ്യങ്ങളിലും കേന്ദ്രബാങ്കുകൾ പലിശ നിരക്കുകൾ കുറക്കാനാണ് സാധ്യത ഇത് നിഫ്റ്റിക്ക് അനുകൂലമായൊരു സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നാണ് സാമ്പത്തികശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
ഇതിനൊപ്പം ഇന്ത്യ ഈ വർഷം മികച്ച സാമ്പത്തിക വളർച്ച നേടുമെന്ന് പ്രവചനമുണ്ട്. കമ്പനികളും ഇക്കൊല്ലം കാര്യമായ ലാഭമുണ്ടാക്കും. ഇതും നിഫ്റ്റിക്ക് ഗുണകരമായി മാറും. വിവിധ സെക്ടറുകളിൽ കമ്പനികളുടെ ലാഭം 2024ൽ 15 ശതമാനവും 2025ൽ 14 ശതമാനവും വർധിക്കുമെന്നാണ് പ്രവചനങ്ങൾ.
2023ന് സമാനമായി ഈ വർഷവും വിപണിയിലേക്ക് വിദേശനിക്ഷേപത്തിന്റെ ഒഴുക്കുണ്ടാവുമെന്നും ഗോൾമാൻ സാച്ചസ് കരുതുന്നു. ഇതിനൊപ്പം എസ്.ഐ.പികളിലൂടെ ആഭ്യന്തര നിക്ഷേപം കൂടിയാവുമ്പോൾ വിപണിക്ക് വലിയ കരുത്ത് ലഭിക്കുമെന്നാണ് സാച്ചസ് വ്യക്തമാക്കുന്നത്.