സെൻസെക്‌സ് ആദ്യമായി 70,000 കടന്നു; നിഫ്റ്റി 21,000 ലേക്കും…
December 11, 2023ചരിത്രത്തില്‍ ആദ്യമായി സെന്‍സെക്‌സ് സൂചിക 70,000 പിന്നിട്ടു. ബാങ്ക്, ധനകാര്യ സേവനം, ഐ.ടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ കുതിപ്പാണ് സൂചികയെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ മികച്ച നേട്ടത്തിലാണ് വിപണി മുന്നോട്ട് പോകുന്നത്. ശക്തമായ സാമ്പത്തിക സൂചകങ്ങള്‍, അസംസ്‌കൃത എണ്ണ വിലയിലെ ഇടിവ്, ആഗോള തലത്തില്‍ പലിശ നിരക്കുകള്‍ കുറയാനുള്ള സാധ്യത, വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍നിന്നുള്ള പണവരവ് എന്നിവയാണ് വിപണിയെ ചലിപ്പിച്ചത്.
ഉയര്‍ന്ന മൂല്യത്തിലാണെങ്കിലും ആഗോള, ആഭ്യന്തര സൂചനകള്‍ വിപണിക്ക് അനുകൂലമാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഡോ.വി.കെ വിജയകുമാര്‍ പറഞ്ഞു. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ നീക്കം, റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടല്‍ എന്നിവയെല്ലാമാണ് വിപണിയുടെ കുതിപ്പിന് പിന്നില്‍. സെന്‍സെക്‌സ് ഓഹരികളില്‍ ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എസ്.ബി.ഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്.സി.എല്‍ ടെക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടത്തിലും ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൈറ്റന്‍, മാരുതി തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തോടെയുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച സെൻസെക്‌സ് 69,825.60 പോയിന്റിലും നിഫ്റ്റി 20,969.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച ഇൻട്രാ ഡേ ട്രേഡിൽ നിഫ്റ്റി 21,000 ലെവലും കടന്നിരുന്നു.