ഇന്ത്യൻ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണം -നാരായണ മൂർത്തി
October 27, 2023ന്യൂഡൽഹി: വിദേശ രാജ്യങ്ങളുമായി മത്സരിക്കാൻ ഇന്ത്യയിലെ യുവാക്കൾ പ്രതിവാരം 70 മണിക്കൂർ ജോലി ചെയ്യണമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ തൊഴിൽ ഉത്പാദനക്ഷമത കുറവാണെന്നും പാശ്ചാത്യരിൽ നിന്നും ആവശ്യമായ കഴിവുകൾ സ്വീകരിക്കുന്നതിലും അനാവശ്യ സംസ്കാരങ്ങൾ സ്വീകരിച്ച് രാജ്യത്ത് സേവിക്കാതിരിക്കുകയാണ് ഇന്നത്തെ യുവാക്കളുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു. ‘ദി റെക്കോർഡ്’ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
“എങ്ങനെയോ നമ്മുടെ യുവാക്കൾക്ക് പാശ്ചാത്യരിൽ നിന്ന് അനാവശ്യശീലങ്ങൾ കടമെടുത്ത് രാജ്യത്തെ സേവിക്കാതിരിക്കുന്ന പ്രവണതയുണ്ട്. രാജ്യത്തെ തൊഴിൽ ഉത്പാദനക്ഷമത ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. തൊഴിൽ ഉകത്പാദനക്ഷമത ഉയർത്തുകയും അഴിമതി ഇല്ലാതാക്കുകയും ചെയ്താൽ മാത്രമേ രാജ്യത്തിന് മറ്റ് വികസിത രാജ്യങ്ങളുമായി മത്സരിച്ച് വിജയിക്കാൻ സാധിക്കൂ. രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടി 70 മണിക്കൂർ പ്രതിവാരം ജോലി ചെയ്യാൻ തയ്യാറാണ് എന്ന് യുവാക്കൾ പറയമം” നാരായൺ മൂർത്തി പറഞ്ഞു.
ജപ്പാൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ രണ്ടാം ലോക മഹായുദ്ധ കാലത്ത് വികസനത്തിനായി ജനങ്ങൾ അധിക സമയം തൊഴിൽ ചെയ്തിരുന്നുവെന്നും ഇത് രാജ്യത്ത് വലിയ ഉയർച്ചയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ കാര്യക്ഷമത അവിടുത്തെ ജോലി ചെയ്യുന്ന ജനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അധിക കഠിനാധ്വാനമില്ലാതെ ഒന്നും നേടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.