അജയ് ഗോയൽ ബൈജൂസ് വിട്ടു; വേദാന്തയിലേക്ക് മടക്കം
October 24, 2023ബൈജൂസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ (സി.എഫ്.ഒ) ആയിരുന്ന അജയ് ഗോയല്‍ രാജിവെച്ചു. ബൈജൂസില്‍ ചേര്‍ന്ന് ആറ് മാസത്തിനുള്ളിലാണ് ഗോയലിന്റെ രാജി. മുമ്പ് ജോലി ചെയ്തിരുന്ന വേദാന്തയിലേക്കു തന്നെയാണ് ഗോയൽ പോകുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഗോയൽ വേദാന്തയിൽ നിന്ന് ബൈജൂസിലെത്തിയത്. കമ്പനി പ്രതിസന്ധിയിലായ സമയത്താണ് ഗോയൽ രാജിവെക്കുന്നത്. ആകാശിന്റെ മൂലധന സമാഹരണത്തിന് പുറമെ, ഗ്രേറ്റ് ലേണിങ്, എപിക് എന്നിവ വില്‍ക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്.
വായ്പ തിരിച്ചടവിന് മൂലധനം സ്വരൂപിക്കാനുള്ള തിരക്കിട്ട നീക്കത്തിലായിരുന്നു ബൈജൂസ്. 2021-22 സാമ്പത്തിക കണക്കുകളും ഇതുവരെ കമ്പനി ഫയൽ ചെയ്തിട്ടില്ല. ഗോയലിന്റെ രാജിക്കു പിന്നാലെ ഫിനാന്‍സ് വിഭാഗം പ്രസിഡന്റായിരുന്ന നിതിന്‍ ഗൊലാനി സി.എഫ്.ഒ ആയി ചുമതലയേറ്റിട്ടുണ്ട്.
പ്രദീപ് കനകിയ സീനിയര്‍ അഡ്വൈസറായും പ്രവര്‍ത്തിക്കും. പ്രമുഖ എന്‍ട്രന്‍സ് പരിശീലന സ്ഥാപനമായ ആകാശില്‍ ചീഫ് സ്ട്രാറ്റജി ഓഫിസറായിരുന്നു ഗൊലാനി. ആകാശിനെ എറ്റെടുക്കുന്നതില്‍ നിര്‍ണാകയ പങ്കുവഹിച്ചതും അദ്ദേഹമായിരുന്നു. മുന്‍ സി.എഫ്.ഒ ആയിരുന്ന പി.വി റാവു 2021 ഡിസംബറിലാണ് രാജിവെച്ചത്.
വേദാന്ത റിസോഴ്‌സ് ഗ്രൂപ്പിന്റെ ഡപ്യൂട്ടി സി.എഫ്.ഒ ആയും ഗോയൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. വേദാന്തക്ക് മുമ്പ്, ഡിയാജിയോ, ജി.ഇ(ജനറല്‍ ഇലക്ട്രിക്), കൊക്കക്കോള, നെസ്‌ലെ എന്നീ കമ്പനികളിലും ഉന്നത സ്ഥാനം വഹിച്ചു.