ലോക നിക്ഷേപസംഗമത്തിൽകുവൈത്ത് ധനമന്ത്രി പങ്കെടുത്തു
October 18, 2023കുവൈത്ത് സിറ്റി: യുനൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് (യു.എൻ.സി.ടി.എ.ഡി) സംഘടിപ്പിച്ച എട്ടാമത് ലോക നിക്ഷേപ സംഗമത്തിൽ (ഡബ്ല്യൂ.ഐ.എഫ്) കുവൈത്ത് ധനമന്ത്രി ഫഹദ് അൽ ജറല്ല പങ്കെടുത്തു.
ആഗോള നിക്ഷേപ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ സുപ്രധാനവും ഫലപ്രദവുമായ സംഭാവനകൾ നൽകുന്നതിനാൽ ഫോറത്തിൽ പങ്കാളിയാകുന്നതിൽ വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അബൂദബിയിൽ നടന്ന ഫോറത്തിൽ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹിന്റെ പ്രതിനിധിയായി പങ്കെടുത്ത അൽ ജറല്ലയാണ് കുവൈത്ത് പ്രതിനിധിസംഘത്തെ നയിച്ചത്.
ഒക്ടോബർ 20വരെ നീണ്ടുനിൽക്കുന്ന ഫോറം ആഗോളതലത്തിൽ ഉയർന്നുവരുന്ന നിക്ഷേപ, വികസന വെല്ലുവിളികളെക്കുറിച്ച ചർച്ചകളും പ്രവർത്തനങ്ങളും സുഗമമാക്കാൻ ലക്ഷ്യമിടുന്നു. ഭക്ഷ്യസുരക്ഷയിലെ നിക്ഷേപം പുനരുജ്ജീവിപ്പിക്കൽ, കുറഞ്ഞ കാർബൺ ഊർജത്തിലേക്കുള്ള മാറ്റം, ആരോഗ്യസംവിധാനങ്ങൾ, വിതരണശൃംഖലയുടെ പ്രതിരോധം, ദരിദ്രരാജ്യങ്ങളിൽ ഉൽപാദനശേഷി എങ്ങനെ വർധിപ്പിക്കാം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വികസ്വരരാജ്യങ്ങളിൽ ശുദ്ധമായ ഊർജനിക്ഷേപം വർധിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ഫോറം ചർച്ച ചെയ്യും.