ചെമ്മീൻ ഇനി ഏത് സീസണിലും; മലയാളിയുടെ സാങ്കേതിക പിന്തുണയിൽ ബഹ്റൈനിൽ ഫാം
October 16, 2023മനാമ: ഭക്ഷ്യപ്രേമികളുടെ ഇഷ്ട വിഭവമായ ചെമ്മീൻ ഇനി ഏത് സീസണിലും ഫ്രഷായി ബഹ്റൈനിൽ ലഭിക്കും. ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിനനുസൃതമായാണ് അസ്കറിൽ ഗൾഫ് ഫിഷ് ഫാമിങ് കമ്പനി ചെമ്മീൻ ഫാം തുറന്നത്.
ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഫാമിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുമ്പ് ചെമ്മീൻ ഫാം തുടങ്ങാനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും ചൂടിനെ അതിജീവിക്കാൻ അവക്ക് കഴിഞ്ഞിരുന്നില്ല. ഇതെത്തുടർന്നാണ് കേരളത്തിൽ ഈ മേഖലയിൽ ഫാം നടത്തി വിജയിപ്പിച്ച ചരിത്രമുള്ള പെരുമ്പാവൂർ സ്വദേശി വർഗീസ് ഏട്ടനെ ബഹ്റൈനിലെ ഫാമേഴ്സ് കൺസോർട്യം ബന്ധപ്പെടുന്നത്. തുടർന്ന് യു.എ.ഇയിലടക്കം വ്യാപാര, വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന വർഗീസ് ഏട്ടൻ ബഹ്റൈനിലെത്തി പ്രാരംഭവിവരങ്ങൾ ശേഖരിച്ചു.
ഗൾഫിലെ താപനിലക്കനുയോജ്യം വനാമി ഇനത്തിൽപെട്ട ചെമ്മീൻ കുഞ്ഞുങ്ങളാണെന്ന് കണ്ടെത്തി. അതിനുശേഷം പദ്ധതി പ്രവർത്തനമാരംഭിക്കുകയായിരുന്നു. ഏഴ് ടാങ്കുകളിലാണ് ഗൾഫ് ഫിഷ് ഫാമിങ് കമ്പനി ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. കടൽവെള്ളമാണ് ഉപയോഗിക്കുന്നത്. സമ്പൂർണമായും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വെള്ളത്തിന്റെ താപനില, ചെമ്മീൻ കുഞ്ഞുങ്ങളുടെ വളർച്ച, ആവശ്യമായ തീറ്റ എന്നിവ പരിശോധിക്കുന്ന ഫാമാണിത്. 120 ദിവസംകൊണ്ട് ചെമ്മീനുകൾ വളർച്ചയെത്തുകയും വിളവെടുപ്പ് നടത്തുകയും ചെയ്തു.
രുചികരമായ ഫ്രഷ് ചെമ്മീൻ കർഷകരുടേയും ഉപഭോക്താക്കളുടേയും മനം കവരുകയും ചെയ്തു. പദ്ധതി വിജയകരമായതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫാമേഴ്സ് കൺസോർട്യം. വർഗീസ് ഏട്ടന്റെ ബ്ലൂ ബെൽ അക്വാ ഇൻഡസ്ട്രീസ് ഇതിനുള്ള പ്രവർത്തനങ്ങളാരംഭിച്ചു കഴിഞ്ഞു.
ഒരു കൃഷി കഴിഞ്ഞാൽ മൂന്നു നാലു ദിവസങ്ങൾക്കുള്ളിൽ അടുത്ത കൃഷി ആരംഭിക്കാൻ കഴിയുമെന്ന പ്രത്യേകതയുണ്ട്. അതുകൊണ്ടുതന്നെ വർഷത്തിൽ മൂന്ന് കൃഷി നടത്താൻ സാധിക്കും. ഇന്ത്യയിൽനിന്നു കൊണ്ടുവന്ന ചെമ്മീൻ കുഞ്ഞുങ്ങളെയാണ് അഞ്ചു പോണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നത്. രണ്ടുപോണ്ടുകളിൽ തായ്ലൻഡിൽനിന്നുള്ള കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ബഹ്റൈനിന്റെ കാലാവസ്ഥക്ക് അനുയോജ്യമാണ് ചെമ്മീൻ കൃഷി എന്ന് സ്ഥാപിക്കപ്പെട്ടതോടെ തൊഴിലാളികൾക്കും സംരംഭകർക്കും വലിയ സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.