ദേശീയ വാക്സിന്‍ സുരക്ഷയില്‍ അമേരിക്കയ്ക്കും യൂറോപ്പിനുമൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം: ഡോ. കൃഷ്ണ എം. എല്ല
October 6, 2023ദേശീയ വാക്സിന്‍ സുരക്ഷയില്‍ അമേരിക്കയ്ക്കും യൂറോപ്പിനുമൊപ്പമാണ് ഇന്ത്യയുടെ സ്ഥാനമെന്നും ഇന്ത്യന്‍ വാക്സിന് ആഗോള തലത്തില്‍ വലിയ പ്രാധാന്യമാണുള്ളതെന്നും ഡോ. എല്ല പറഞ്ഞു. വളര്‍ന്നുവരുന്ന വിപണികള്‍ ഇന്ത്യന്‍ വാക്സിനെ ആശ്രയിച്ചാണിരിക്കുന്നത്. കോവിഡ് 19 വാക്സിനുകളെക്കുറിച്ചുള്ള ഇന്ത്യയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അമേരിക്കയ്ക്കു തൊട്ടു പിറകെ ലോകത്തെ ഏറ്റവും വലിയതാണ്. വാക്സിനുകളുടെ കാര്യക്ഷമതയില്‍ ലോകത്തെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
അവഗണിക്കപ്പെട്ട എല്ലാ രോഗങ്ങളും ഏഷ്യയിലും ആഫ്രിക്കയിലുമാണ് കൂടുതലായി കാണുന്നതെന്നും ഇവ കണ്ടെത്തി ഫലപ്രദമായി നിയന്ത്രിക്കേണ്ടത് നിര്‍ണായകമാണെന്നും ഡോ. കൃഷ്ണ എം. എല്ല പറഞ്ഞു. 2006 ല്‍ കേരളത്തില്‍ ചിക്കുന്‍ഗുനിയ പടര്‍ന്നപ്പോള്‍ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനിലൂടെ ആദ്യമായി ഇതിനെ പ്രതിരോധിച്ചത് ഭാരത് ബയോടെക് ആയിരുന്നു. സിക്ക വൈറസ് ആഫ്രിക്കയിലാണ് രൂപപ്പെട്ടത്. ഇത് മഡഗാസ്കറില്‍ നിന്ന് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിച്ചു. അതിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. എന്നാല്‍ ബ്രസീലിലാണ് സിക വ്യാപകമായത്. സിക പ്രതിരോധത്തിനായി ഫിലിപ്പിന്‍സ്, തായ് ലാന്‍റ്, ഗ്വാട്ടിമല, എന്നിവിടങ്ങളില്‍ ഒരു മൂന്നാംഘട്ട ഫലപ്രാപ്തി പരീക്ഷണങ്ങള്‍ ഭാരത് ബയോടെക് നടത്തിവരികയാണ്.
നവീകരണമാണ് ഭാവിയിലേക്കുള്ള താക്കോലെന്ന് അഭിപ്രായപ്പെട്ട ഡോ. എല്ല അറിവും വൈദഗ്ധ്യവും സംയോജിപ്പിച്ചു കൊണ്ടുള്ള ആവാസവ്യവസ്ഥ ചെറുപ്പക്കാര്‍ക്കായി രാജ്യത്ത് സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞു. സുസ്ഥിരമായ സമ്പദ്വ്യവസ്ഥ, ഡിജിറ്റലൈസേഷന്‍, അടിസ്ഥാനസൗകര്യ വികസനം, ഭാവിക്കായുള്ള മികച്ച ഇക്കോസിസ്റ്റം രൂപകല്‍പ്പന ചെയ്യല്‍ തുടങ്ങിയവയാണ് അടുത്ത നൂറ്റാണ്ടിലെ നവീകരണത്തിന്‍റെ താക്കോലുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.