സൗദിയിൽ നിർമിക്കുന്ന ലൂസിഡ് കാറുകളുടെ ആദ്യ ബാച്ച് ദീബ് റെന്റ് എ കാർ കമ്പനി വാങ്ങും
October 8, 2023ജിദ്ദ: സൗദി അറേബ്യയിൽ നിർമിക്കുന്ന ലൂസിഡ് ഇലക്ട്രിക് കാറുകളുടെ ആദ്യത്തെ ബാച്ച് രാജ്യത്തെ പ്രമുഖ കമ്പനിയായ ‘ദീബ് റെന്റ് എ കാർ’ വാങ്ങും. ഇതിനുള്ള നടപടികൾ പൂർത്തിയായി. ഇതിനാവശ്യമായ എല്ലാ ലോജിസ്റ്റിക്, സാങ്കേതിക നടപടിക്രമങ്ങളും തയാറാക്കിക്കഴിഞ്ഞതായി ദീബ് കാർ റെന്റൽ കമ്പനി സി.ഇ.ഒ നാഇഫ് ബിൻ മുഹമ്മദ് അൽദിബ് പറഞ്ഞു. ഈ നേട്ടം സൗദി സമ്പദ് വ്യവസ്ഥയുടെ വികസനത്തിനും ശക്തിപ്പെടുത്തലിനും സംഭാവന നൽകുന്ന ഒരു അടിസ്ഥാന വഴിത്തിരിവാണ്.
സൗദി അറേബ്യ ആസ്വദിക്കുന്ന നവീകരണത്തിന്റെയും പുരോഗതിയുടെയും മനോഭാവത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. സൗദി നിർമിതമായ കാറുകളുടെ ആദ്യ ബാച്ച് സ്വീകരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. രാജ്യത്തെ ഉൽപാദനശേഷി വർധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സംഭാവനക്കു പുറമേ ഇത് പ്രാദേശിക വ്യവസായത്തെ പിന്തുണക്കുന്നതിനുള്ള ദീബ് കമ്പനിയുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഈ നേട്ടം നൂതനത്വത്തിനും സുസ്ഥിരതക്കുമുള്ള പിന്തുണയായി കണക്കാക്കപ്പെടുന്നു. ഇത് രാജ്യത്തെ വാഹന വ്യവസായ മേഖലയുടെ മത്സരക്ഷമത വർധിപ്പിക്കുമെന്നും സി.ഇ.ഒ പറഞ്ഞു. പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്നതിനൊപ്പം പ്രാദേശിക വ്യവസായങ്ങളെ പിന്തുണക്കുന്നതിലൂടെ കാർ രംഗത്ത് നമ്മുടെ സ്വപ്നസാക്ഷാത്കാരമാണ് യാഥാർഥ്യമായിരിക്കുന്നതെന്നും സി.ഇ.ഒ പറഞ്ഞു.