എൽ.ഐ.സിക്ക് 84 കോടി രൂപ പിഴയിട്ട് ആദായ നികുതി വകുപ്പ്
October 4, 2023ന്യൂഡൽഹി: പൊതുമേഖല ഇൻഷൂറൻസ് കമ്പനിയായ എൽ.ഐ.സിക്ക് വൻ തുക പിഴയിട്ട് ആദായ നികുതി വകുപ്പ്. 84 കോടിയാണ് എൽ.ഐ.സിയുടെ പിഴ ശിക്ഷ. 2012-13, 2018-19, 2019-20 വർഷങ്ങളിലേക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. സെപ്റ്റംബർ 29ന് തന്നെ പിഴ ചുമത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട നോട്ടീസ് എൽ.എൽ.സിക്ക് കൈമാറിയത് കഴിഞ്ഞ ദിവസമാണ്. അതേസമയം, പിഴശിക്ഷക്കെതിരെ അപ്പീൽ പോകുമെന്ന് എൽ.ഐ.സി അറിയിച്ചു.
2012-13 വർഷത്തിന് പിഴയായി 12.61 കോടിയാണ് ചുമത്തിയിരിക്കുന്നത്. 2018-19 വർഷത്തിന് 33.82 കോടിയും 2019-20 വർഷത്തിന് 37.58 കോടി രൂപയും പിഴ ചുമത്തിയിട്ടുണ്ട്. സർക്കാർ മൂലധനത്തിൽ നിന്നുള്ള വരുമാനത്തെ നികുതി നൽകേണ്ട വരുമാനമായി കണക്കാക്കത്തതിലാണ് പിഴ ശിക്ഷ. ആദായ നികുതി നിയമം 1961ലെ സെക്ഷൻ 44 പ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നത്.
നേരത്തെ മറ്റൊരു പ്രമുഖ ഇൻഷൂറൻസ് കമ്പനിയായ ഐ.സി.ഐ.സി.ഐ ലാംബാർഡിനും പിഴയടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് വന്നിരുന്നു. ഡയറക്ടർ ജനറൽ ഓഫ് ജി.എസ്.ടി ഇന്റലിജൻസാണ് 1,728 കോടി നികുതിയായി ഒടുക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടത്. 1000 കോടി നികുതി നൽകാൻ ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ജി.എസ്.ടി ഇന്റലിജൻസ് ബജാജ് അലൈൻസ് ജനറൽ ഇൻഷൂറൻസിനും നോട്ടീസ് നൽകിയിരുന്നു.