അല്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന

അല്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന

September 23, 2018 0 By

ലോകത്ത് ഓരോ മൂന്ന് സെക്കന്റിലും അള്‍ഷിമേഴ്സ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 2015ല്‍ 46.8 ദശലക്ഷം ആളുകളാണ് അള്‍ഷിമേഴ്സ് രോഗികളായിരുന്നത്. എന്നാാല്‍ ഇത് 2017ല്‍ 50 ദശലക്ഷത്തോട് അടുത്തിരിക്കുകയാണ്.

ഓരോ 20 വര്‍ഷം കൂടും തോറും ഇരട്ടിയാവുകയാണ്. 2030ല്‍ 75 ദശലക്ഷവും 2050ല്‍ 131.5 ദശലക്ഷവുമായി വര്‍ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. വികസിത രാജ്യങ്ങളിലാണ് പ്രധാനമായും അള്‍ഷിമേഴ്സ് രോഗികള്‍ വര്‍ധിക്കാന്‍ സാധ്യത. ലോകത്ത് 58ശതമാനം അള്‍ഷിമേഴ്സ് രോഗികളും വികസ്വര രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. പക്ഷേ, 2050ഓടെ ഇത് 68ശതമാനം വര്‍ധിക്കുന്നതാണ്.

ചൈന, ഇന്ത്യ തുടങ്ങി ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലുമാണ് അള്‍ഷിമേഴ്സ് രോഗികളുടെ എണ്ണം വേഗത്തില്‍ വര്‍ധിക്കുന്നത്. ഒരു വാര്‍ധക്യസഹജമായ രോഗമായാണ് മറവിരോഗത്തെ കാണുന്നത്. അതുകൊണ്ട് തന്നെ 65 വയസിന് ശേഷം മറവിരോഗത്തെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നുണ്ട്.

ലോകത്ത് ഒരു വര്‍ഷം 9.9 ദശലക്ഷം അള്‍ഷിമേഴ്സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഓരോ 3.2 സെക്കന്റിലും ഓരോ പുതിയ കേസുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. 2015ല്‍ അള്‍ഷിമേഴ്സിന് ലോകവ്യാപകമായി ആഗോള മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 1.09ശതമാനമായ 818 ലക്ഷം കോടിയാണ് ചെലവാക്കിയത്. ഇതിന്റെ മൂന്നിരട്ടി വര്‍ധനവാണ് 2018ല്‍ ഉണ്ടായിരിക്കുന്നത്.

നിലവില്‍ അള്‍ഷിമേഴ്സ് രോഗമുള്ളവരില്‍ ഒരുവിധം പേരും വ്യക്തമായ രോഗനിര്‍ണയം നടത്താത്തവരാണ്. വികസിത രാജ്യങ്ങളില്‍ 20 മുതല്‍ 50 ശതമാനം ആളുകള്‍ മാത്രമാണ് അള്‍ഷിമേഴ്സ് പ്രഥമഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്നത്. ഇന്ത്യയില്‍ 90 ശതമാനം പേരും കൃത്യമായ രോഗനിര്‍ണം നടത്താത്തവരാണ്. ലോകവ്യാപകമായി മൂന്നിലൊരു ശതമാനം ആളുകള്‍ മാത്രമാണ് കൃത്യമായ രോഗനിര്‍ണയം നടത്തുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.