കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 94 ഡോളറായി
September 15, 2023ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 94 ഡോളറായാണ് വർധിച്ചത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 91 ഡോളറായി ഉയർന്നു.
തുടർച്ചയായ മൂന്നാമത്തെ ആഴ്ചയാണ് എണ്ണവില ഉയരുന്നത്. ചൈനയുടെ വ്യാവസായികോൽപ്പാദനം പ്രതീക്ഷിച്ചതിലും വലിയ വളർച്ച കൈവരിച്ചതും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. പ്രതിദിനം 15.23 മില്യൺ എണ്ണയാണ് ചൈന നിലവിൽ വാങ്ങുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 19.6 ശതമാനം അധികമാണിത്.
സൗദി അറേബ്യയും റഷ്യയും ഉൽപാദനം കുറച്ചതും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. വിതരണത്തിലെ ഈ വിടവ് സാമ്പത്തിക വർഷത്തിന്റെ നാലാംപാദത്തിൽ രൂക്ഷമാകുമെന്നും ഇന്റർനാഷണൽ എനർജി ഏജൻസി മുന്നറിയിപ്പ് നൽകുന്നു.