51 ശതമാനം ഓഹരികൾ ടാറ്റ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഹാൽദിറാം
September 7, 2023ന്യൂഡൽഹി: മധുര പലഹാരങ്ങളുടെയും സ്നാക്സുകളുടെയും വിപണനരംഗത്തെ പ്രധാനികളായ ഹാൽദിറാമിന്‍റെ 51 ശതമാനം ഓഹരികൾ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാൽ, ഇക്കാര്യം നിഷേധിച്ച് ഹാൽദിറാം തന്നെ രംഗത്തെത്തി. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സുമായി ഒരു തരത്തിലുള്ള ചർച്ചകളും നടത്തിയിട്ടില്ലെന്ന് ഹാൽദിറാം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഹാൽദിറാമിന്‍റെ ഓഹരികൾ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ബുധനാഴ്ച ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സിന്‍റെ ഓഹരിവില നാല് ശതമാനം ഉയർന്നിരുന്നു. ഹാൽദിറാമിന്‍റെ നിഷേധക്കുറിപ്പ് വന്നതോടെ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സിന്‍റെ ഓഹരിവില വ്യാഴാഴ്ച 2.27 ശതമാനം ഇടിഞ്ഞു.
ഹാൽദിറാമിന് 1000 കോടി ഡോളര്‍ (ഏകദേശം 82,000 കോടി രൂപ) മൂല്യം വിലയിരുത്തിയാകും ടാറ്റയുടെ ഏറ്റെടുക്കല്‍ എന്നായിരുന്നു റോയിട്ടേഴ്സ് ആദ്യം പുറത്തുവിട്ട റിപ്പോർട്ട്. ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമായാല്‍ പെപ്‌സികോ, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിലയന്‍സ് റീട്ടെയില്‍ എന്നിവയോട് നേരിട്ട് മത്സരിക്കാന്‍ ടാറ്റയ്ക്ക് പുതിയ ബ്രാന്‍ഡ് സ്വന്തമാകുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.