പിഴപ്പലിശ ഈടാക്കുന്നത് വിലക്കി റിസർവ് ബാങ്ക്; ജനുവരി ഒന്നു മുതൽ ബാധകം
August 18, 2023മുംബൈ: വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ കനത്ത പിഴപ്പലിശ ചുമത്തുന്നതിൽനിന്ന് ബാങ്കുകളെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും വിലക്കി റിസർവ് ബാങ്ക്. യുക്തിസഹമായ പിഴ മാത്രമേ ചുമത്താവൂവെന്ന് കർശന നിർദേശം നൽകുകയും ചെയ്തു. അടുത്ത ജനുവരി ഒന്നു മുതൽ പിഴപ്പലിശ ഈടാക്കരുതെന്നാണ് നിർദേശം.
വരുമാനവർധനക്കുള്ള ഉപാധിയായാണ് ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും അമിതമായ പിഴപ്പലിശ ഈടാക്കുന്നതെന്ന് റിസർവ് ബാങ്ക് കുറ്റപ്പെടുത്തി. വായ്പയെടുത്തയാൾ വായ്പ വ്യവസ്ഥ ലംഘിച്ചാൽ പലിശയുടെ കൂടെ ചേർത്ത് പിഴപ്പലിശ എന്ന രീതിയിൽ ഈടാക്കാൻ പാടില്ല. ആവശ്യമെങ്കിൽ പിഴത്തുക എന്ന പേരിൽ ന്യായമായ തുക ഈടാക്കാം. ഈ തുകക്കുമേൽ പലിശ ഈടാക്കാനും പാടില്ല.
അതേസമയം ക്രെഡിറ്റ് കാർഡ്, ബാഹ്യ വാണിജ്യ വായ്പകൾ, ട്രേഡ് ക്രെഡിറ്റ് തുടങ്ങിയവക്ക് പുതിയ നിർദേശം ബാധകമല്ല. വായ്പ തിരിച്ചടവ് മുടങ്ങിയാൽ പല സ്ഥാപനങ്ങളും പലിശനിരക്കിനെക്കാൾ ഉയർന്ന പിഴപ്പലിശയാണ് ഈടാക്കുന്നത്. വായ്പ കൃത്യമായി തിരിച്ചടക്കണമെന്ന ബോധ്യം നൽകുന്നതിനായിരിക്കണം പിഴത്തുക ഈടാക്കേണ്ടത്.