യുഎസ് വാഹന നിര്‍മാതാക്കളായ ടെസ്ലയ്ക്ക് നികുതി ഇളവ് നല്‍കില്ലെന്ന് ധനമന്ത്രാലയം

യുഎസ് വാഹന നിര്‍മാതാക്കളായ ടെസ്ലയ്ക്ക് നികുതി ഇളവ് നല്‍കില്ലെന്ന് ധനമന്ത്രാലയം

July 15, 2023 0 By BizNews

ന്യൂഡല്‍ഹി: യുഎസ് വാഹന നിര്‍മാതാക്കളായ ടെസ്ലയ്ക്ക് തീരുവ ഇളവ് നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി. രാജ്യത്ത് കാര്യമായ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുകയാണെന്ന് ടെസ്ല സിഇഒ എലോണ്‍ മസ്‌ക് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള കസ്റ്റംസ് തീരുവ ഇളവ് നേരത്തെ കമ്പനി ആവശ്യപ്പെട്ടിരുന്നു. അതേസമയം തീരുവ ഇളവ് പരിഗണനയില്ലെന്ന് മല്‍ഹോത്ര പറഞ്ഞു. ‘ടെസ്ലയ്ക്കുള്ള തീരുവ ഇളവ് ഇപ്പോള്‍ റവന്യൂ വകുപ്പിന്റെ സജീവ പരിഗണനയിലില്ല,’ അദ്ദേഹം വ്യാഴാഴ്ച റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.

ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ ഐക്കണിക് കമ്പനി, ടെസ്ല ഇന്ത്യയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനുള്ള പ്രാരംഭ നിര്‍ദ്ദേശം കമ്പനി സമര്‍പ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.അര ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഒരു ജിഗാഫാക്ടറി നിര്‍മ്മിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നു.

അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ ടെസ്ലയും ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂടുതല്‍ മീറ്റിംഗുകള്‍ നടത്തും. ടെസ്ലയെ പിന്തുണയ്ക്കുന്നതിനായി പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നത് ഇന്ത്യ പരിഗണിച്ചേക്കും. ഫെയിം 3 സ്‌കീം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വ്യവസായവുമായി ചര്‍ച്ച നടത്തുകയാണ്.

ഫെയിം 2 സ്‌കീം 2024 മാര്‍ച്ചില്‍ അവസാനിക്കാനിരിക്കെയാണിത്. ഏഷ്യ പസഫിക് രാഷ്ട്രങ്ങളിലേയ്ക്ക് ഇന്ത്യയില്‍ നിന്നും വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനും ടെസ്ല പദ്ധതി തയ്യാറാക്കിയതായി അറിയുന്നു.

വൈവിധ്യമാര്‍ന്ന ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനും ശക്തമായ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കാനും ടെസ്ല ലക്ഷ്യമിടുന്നു.20 ലക്ഷം രൂപവരെയായിരിക്കും ഇന്ത്യയില്‍ പുറത്തിറക്കുന്ന ടെസ്ല കാറുകളുടെ വില.പ്രവര്‍ത്തനം ആരംഭിക്കുന്ന പക്ഷം മാരുതിക്കും ഹ്യുണ്ടായിക്കും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായി ടെസ്ല മാറും.