ഒഡിഷ ട്രെയിൻ ദുരന്തം: ക്ലെയിമുകൾ തീർപ്പാക്കുന്ന വ്യവസ്ഥകളിൽ ഇളവ് നൽകി എൽ.ഐ.സി
June 4, 2023ന്യൂഡൽഹി: ബാലസോറിൽ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തമുണ്ടായതിന് പിന്നാലെ ക്ലെയിമുകൾ തീർപ്പാക്കുന്നതിൽ ഇളവ് അനുവദിച്ച് എൽ.ഐ.സി. ചെയർമാൻ സിദ്ധാർഥ് മൊഹന്തിയാണ് ഇളവുകൾ അനുവദിച്ച വിവരം അറിയിച്ചത്. ക്ലെയിമുകൾ തീർപ്പാക്കുന്ന വ്യവസ്ഥകളിൽ ഇളവുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടം അതീവ ദുഃഖമുണ്ടാക്കിയെന്ന് എൽ.ഐ.സി ചെയർമാൻ അറിയിച്ചു. ട്രെയിൻ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ എൽ.ഐ.സി പ്രതിജ്ഞബദ്ധമാണ്. സാമ്പത്തികമായി അവർക്ക് ആശ്വാസം നൽകാൻ എത്രയും പെട്ടെന്ന് എൽ.ഐ.സി പോളിസികളുടെ ക്ലെയിമുകൾ തീർപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമ യോജന പോലുള്ളവയുടേയും എൽ.ഐ.സി പോളിസികളുടേയും ക്ലെയിമുകൾ തീർപ്പാക്കുന്നതിന് ഇളവുണ്ടാവുമെന്നാണ് എൽ.ഐ.സിയുടെ അറിയിപ്പ്. മരിച്ചവരുടെ ക്ലെയിം തീർപ്പാക്കാൻ മരണസർട്ടിഫിക്കറ്റിനൊപ്പം റെയിൽവേ, പൊലീസ്, സംസ്ഥാന ഭരണകൂടം, കേന്ദ്ര ഏജൻസികൾ എന്നിവരിൽ ആരെങ്കിലും പ്രസിദ്ധീകരിച്ച അപകടത്തിൽ മരിച്ചവരുടെ ലിസ്റ്റ് ക്ലെയിം തീർപ്പാക്കാൻ പരിഗണിക്കുമെന്ന് എൽ.ഐ.സി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ഡിവിഷണൽ ബ്രാഞ്ച് തലങ്ങളിൽ 022-68276827 എന്ന നമ്പറിൽ കോൾ സെന്ററും എൽ.ഐ.സി ആരംഭിച്ചിട്ടുണ്ട്. ക്ലെയിമുമായി ബന്ധപ്പെട്ടുള്ള എല്ലാ സംശയനിവാരണത്തിനും ഈ നമ്പറിൽ വിളിക്കാമെന്ന് ചെയർമാൻ അറിയിച്ചു.