രാജ്യത്തിന്റെ ജനുവരി-മാര്‍ച്ച് ജിഡിപി വളര്‍ച്ച 5.1 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധര്‍

രാജ്യത്തിന്റെ ജനുവരി-മാര്‍ച്ച് ജിഡിപി വളര്‍ച്ച 5.1 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധര്‍

May 26, 2023 0 By BizNews

ന്യൂഡല്‍ഹി: 2022-23 അവസാന പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ച 5.1 ശതമാനമെന്ന് മണി കണ്‍ട്രോള്‍ പോള്‍. 15 സാമ്പത്തിക വിദഗ്ധരാണ് പോളില്‍ പങ്കെടുത്തത്. മുഴുവന്‍ സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച 7 ശതമാനമാകുമെന്നും അവര്‍ പറഞ്ഞു.

സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം കണക്കുകൂട്ടുന്നതും 7 ശതമാനമാണ്. ജനുവരി മാര്‍ച്ച് പാദത്തിലെ താല്‍ക്കാലിക ജിഡിപി ഡാറ്റ മെയ് 31 ന് മന്ത്രാലയം പുറത്തുവിടും. സേവന മേഖലയായിരിക്കും വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുക.

എസ് ആന്‍ഡ് പി ഗ്ലോബലിന്റെ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (പിഎംഐ) ജനുവരി-മാര്‍ച്ച് പാദത്തില്‍ ശരാശരി 58.1 ഉം ഒക്ടോബര്‍-ഡിസംബറില്‍ 56.8 ഉം 2022 ജനുവരി-മാര്‍ച്ചില്‍ 53.6 ഉം ആയിരുന്നു. കൂടാതെ, ഇന്ത്യയുടെ അറ്റ സേവന കയറ്റുമതി 2023 ജനുവരി-മാര്‍ച്ച് കാലയളവില്‍ 41 ബില്യണ്‍ ഡോളറായി. മുന്‍ പാദത്തേക്കാള്‍ 6.1 ശതമാനവും 2022 ജനുവരി-മാര്‍ച്ചിനേക്കാള്‍ 45.1 ശതമാനവും കൂടുതല്‍.

സേവന മേഖലയുടെ മൊത്ത മൂല്യവര്‍ദ്ധന വളര്‍ച്ച ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലെ 6.2 ശതമാനത്തില്‍ നിന്ന് 6.4 ശതമാനമായി ഉയരും, ഐസിആര്‍എ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായര്‍ പറയുന്നു. അതേസമയം, വ്യവസായ വളര്‍ച്ച മന്ദഗതിയിലാകുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ 2022 ന്റെ അവസാന പാദത്തില്‍ നിന്ന് ഉയരാന്‍ സാധ്യതയുണ്ട്.

ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ 1.1 ശതമാനവും ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ 3.6 ശതമാനവും ചുരുങ്ങിപ്പോയ ഉല്‍പ്പാദന മേഖല ജനുവരി-മാര്‍ച്ചില്‍ 1.5 ശതമാനം വികസിക്കുമെന്ന് ബാര്‍ക്ലേസിലെ ഇഎം ഏഷ്യ (മുന്‍ ചൈന) ഇക്കണോമിക്‌സ് റിസര്‍ച്ച് മേധാവി രാഹുല്‍ ബജോറിയ പറഞ്ഞു.