ഗോ ഫസ്റ്റ് 30 ദിവസത്തിനുള്ളിൽ സമഗ്ര പുനരുദ്ധാരണ പദ്ധതി സമർപ്പിക്കണമെന്ന് ഡി.ജി.സി.എ
May 25, 2023ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട ഗോ ഫസ്റ്റ് വിമാന കമ്പനി സർവീസുകൾ പുനരാരംഭിക്കാനുള്ള സമഗ്ര പുനരുദ്ധാരണ പദ്ധതി സമർപ്പിക്കണമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). 30 ദിവസത്തിനുള്ളിൽ പുനരുദ്ധാരണ പദ്ധതി സമർപ്പിക്കണമെന്നാണ് വിമാന കമ്പനിയോട് ഡി.ജി.സി.എ നിർദേശിച്ചിട്ടുള്ളത്.
സമഗ്ര പുനരുദ്ധാരണ പദ്ധതി വിശദമായി പഠിച്ച ശേഷം ഡി.ജി.സി.എ തുടർനടപടി സ്വീകരിക്കും. ഓപറേഷൻ എയർക്രാഫ്റ്റ്, പൈലറ്റുമാർ, മറ്റ് ഉദ്യോഗസ്ഥരുടെ ലഭ്യത, അറ്റകുറ്റപ്പണികൾ, ധനസഹായം എന്നിവയുടെ ലഭ്യത, മറ്റ് വിശദാംശങ്ങൾ എന്നിവ നൽകാനും വിമാന കമ്പനിയോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാന സർവീസുകൾ എപ്പോൾ പുനഃരാരംഭിക്കുമെന്ന് പറയാനാവില്ലെന്നും കൃത്യമായ ഒരു സമയപരിധി ഇപ്പോൾ നിശ്ചയിക്കാനാവില്ലെന്നും മേയ് 23ന് ഡി.ജി.സി.എയെ ഗോ ഫസ്റ്റ് അറിയിച്ചിരുന്നു.
ഗോ ഫസ്റ്റുമായി വാടക കരാറുള്ള എസ്.എം.ബി.സി എവിയേഷൻ കാപ്പിറ്റൽ, ജി.വൈ എവിയേഷൻ, എസ്.എഫ്‍.വി എയർക്രാഫ്റ്റ് ഹോൾഡിങ് ആൻഡ് എൻജിൻ ലീസിങ് ഫിനാൻസ് എന്നീ കമ്പനികൾക്കെതിരെ വിമാന കമ്പനിയുടെ ബോർഡ് ഹരജി ഫയൽ ചെയ്തിട്ടുണ്ട്.
മെയ് 10ന് ഗോ ഫസ്റ്റിന് പാപ്പർ നടപടികൾക്ക് അനുമതി നൽകിയ ഉത്തരവിനെതിരെ ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ ഡൽഹി ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ഹരജി നൽകിയത്.