സെൻസെക്സ് അഞ്ച് മാസത്തെ ഉയർന്ന നിലയിൽ; അടുത്ത ആഴ്ച വിപണിയെ സ്വാധീനിക്കുക ഇക്കാര്യങ്ങൾ
May 14, 2023കൊച്ചി: വിദേശ പണപ്രവാഹത്തിൽ ബോംബെ സെൻസെക്‌സ് അഞ്ച് മാസത്തെ ഉയർന്ന തലത്തിലേയ്‌ക്ക് ചുവടുവെച്ചു. തുടർച്ചയായ രണ്ടാം വാരത്തിലും മുൻ നിര ഇൻഡക്‌സുകൾ കാഴ്‌ച്ചവെച്ച ഉണർവ് നിഫ്‌റ്റി സൂചികയെ 18,300 ന് മുകളിൽ എത്തിച്ചപ്പോൾ സെൻസെക്‌സ് 62,000 ലെ പ്രതിരോധം തകർത്തു. സെൻസെക്‌സ് 973 പോയിൻറ്റും നിഫ്‌റ്റി 245 പോയിൻറ്റും കഴിഞ്ഞ വാരം ഉയർന്നു.
അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം രൂക്ഷമാക്കുമെന്ന ആശങ്ക വീണ്ടും തല ഉയർത്തുന്നു. തൊഴിലില്ലായ്‌മ സംബന്‌ധിച്ച് പുതിയ കണക്കുകൾ പുറത്തുവന്നത് വിലയിരുത്തിയാൽ യുറോപ്യൻ വിപണികളിലേക്കും പ്രതിസന്‌ധി വ്യാപിക്കാം. പാശ്‌ചാത്യ മാർക്കറ്റുകളിൽ നിന്നുള്ള പ്രതികൂല വാർത്തകൾ ഈ വാരം രാജ്യാന്തര ഫണ്ടുകളിൽ ചെലുത്തുന്ന സ്വാധീനത്തെ ആസ്‌പദമാക്കിയാവും മുന്നിലുള്ള ദിവസങ്ങളിൽ ഇന്ത്യൻ മാർക്കറ്റിന്റെ ഗതിവിഗതികൾ.
സെൻസെക്‌സ് 61,054 ൽ നിന്നുള്ള മുന്നേറ്റത്തിൽ 62,000 പ്രതിരോധം തകർത്ത് 62,167 പോയിൻറ് വരെ ഉയർന്നങ്കിലും വ്യാപാരം അവസാനിക്കുമ്പോൾ സൂചിക 62,027 പോയിന്റിലാണ്. ഈ വാരം വിപണിക്ക് മുന്നിലുള്ള ആദ്യ പ്രതിരോധം 62,444 പോയിന്റിലാണ്. ബുൾ ഓപ്പറേറ്റർമാർ സംഘടിതരായി ഈ പ്രതിരോധം തകർക്കാൻ കിണഞ്ഞ് ശ്രമിച്ചാൽ സൂചികയെ 62,862 വരെ ഉയർത്താനാവും. വിപണിയുടെ താങ്ങ് 61,331-60,636 പോയിന്റിലാണ്. സെൻസെക്‌സിൻറ്റ മറ്റ് സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ പാരാബോളിക്ക് എസ് ഏ ആർ, സൂപ്പർ ട്രെൻറ്, എം ഏ സി ഡി തുടങ്ങിയവ ബുള്ളിഷ് മൂഡിലാണ്.
നിഫ്‌റ്റി 18,069 ൽ നിന്നും ഓപ്പണിങ് വേളയിൽ മികവ് കാണിച്ച് മുൻവാരം സൂചിപ്പിച്ച 18,262 ലെ ആദ്യ പ്രതിരോധം തകർത്ത് 18,389 പോയിന്റിലേക്ക് കുതിച്ചു. ഇതിനിടയിൽ വാരാന്ത്യത്തിലെ ലാഭമെടുപ്പിൽ അൽപ്പം തളർന്ന സൂചിക മാർക്കറ്റ് ക്ലോസിങിൽ 18,314 ലാണ്. ഈവാരം 18,118 ലെ താങ്ങ് നിലനിർത്തി 18,450 ലെ പ്രതിരോധം തകർക്കാൻ ശ്രമം നടത്താം.
മുൻ നിര ഓഹരികളായ എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ആർ.ഐ.എൽ, ടാറ്റാ മോട്ടേഴ്‌സ്, എയർ ടെൽ, ഐ.ടി.സി, ടെക് മഹീന്ദ്ര എച്ച് സി എൽ ടെക്, മാരുതി ഓഹരി വിലകൾ ഉയർന്നു. ടി.സി.എസ് വിപ്രോ, ഇൻഫോസീസ്, സൺ ഫാർമ്മ, സിപ്ല, ഡോ: റെഡീസ്, ഒ എൻ ജി സി, ടാറ്റാ സീറ്റിൽ, ബി പി സി എൽ, ഹിൻഡാൽക്കോ ഓഹരി വിലകൾ താഴ്‌ന്നു.
വിദേശ ഫണ്ടുകൾ നിക്ഷപകരായി രംഗത്ത് നിറഞ്ഞു നിന്നു. മൊത്തം 5626 കോടി രൂപ നിക്ഷേപിച്ചു. പിന്നിട്ട പതിനൊന്ന് പ്രവർത്തി ദിനങ്ങളിൽ അവർ 15,626 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ആഭ്യന്തര ഫണ്ടുകൾ പോയവാരം 650 കോടി രൂപയുടെ നിക്ഷേപവും 1912 കോടി രൂപയുടെ വിൽപ്പനയും നടത്തി. വിനിമയ വിപണിയിൽ രൂപയുടെ മൂല്യം മുൻവാരത്തിലെ 81.68 ൽ നിന്നും 82.22 ലേയ്‌ക്ക് ദുർബലമായ ശേഷം വാരാന്ത്യം രൂപ 82.15 ലാണ്.
ന്യൂയോർക്കിൽ സ്വർണ വില താഴ്‌ന്നു. ട്രോയ് ഔൺസിന് 2017 ഡോളറിൽ നിന്നും 2040 ഡോളർ വരെ ഉയർന്ന അവസരത്തിൽ ഉടലെടുത്ത വിൽപ്പന സമ്മർദ്ദത്തിൽ വെള്ളിയാഴ്‌ച്ച മഞ്ഞലോഹം 2000 ഡോളറിലേയ്‌ക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യം സ്വർണം 2010 ഡോളറിലാണ്