ഒഎന്‍ഡിസിയിൽ പ്രതിദിന ഓർഡർ 25,000 കടന്നു
May 13, 2023 0 By BizNews
ഓപ്പണ്‍ ഇ-കൊമേഴ്സ് ശൃംഖലയായ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സിലെ (ഒ.എന്‍.ഡി.സി) റീറ്റെയ്ല്‍ വ്യാപാരികളുടെ എണ്ണം 2023ല്‍ 40 മടങ്ങ് വര്‍ധിച്ചു.
ഇതോടെ ഒ.എന്‍.ഡി.സിയുടെ ഭാഗമായ ചില്ലറ വ്യാപാരികളുടെ എണ്ണം ജനുവരിയിലെ 800 ല്‍ നിന്ന് ഇതുവരെ 35,000 ആയി ഉയര്‍ന്നു. പ്രതിദിന ഓര്‍ഡറുകളുടെ എണ്ണം ജനുവരിയിലെ 50ല്‍ നിന്ന് നിലവില്‍ 25,000 എത്തി. നിലവിൽ 236 നഗരങ്ങളിലായി ഒ.എന്‍.ഡി.സി സേവനം ലഭ്യമാണ്.
ഈ വര്‍ഷം ഒ.എന്‍.ഡി.സിയില്‍ ഉൾപ്പെടുത്തിയ ഫാഷന്‍, ബ്യൂട്ടി ആന്‍ഡ് പേഴ്സണല്‍ കെയര്‍, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങളില്‍ 600ല്‍ അധികം വ്യാപാരികളുണ്ട്.
ഈ വിഭാഗങ്ങള്‍ ഇതുവരെ 1,300ല്‍ അധികം ഇടപാടുകള്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, ബംഗളൂരുവില്‍ പലചരക്ക്, ഭക്ഷണ വിതരണ വിഭാഗങ്ങളുമായി ഒ.എന്‍.ഡി.സി ബീറ്റാ ടെസ്റ്റിംഗ് ആരംഭിച്ചിരുന്നു.
പണം കൈമാറ്റത്തിന് യു.പി.ഐ പോലെ ഇ-കൊമേഴ്സ് രംഗത്ത് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതാണ് ഒ.എന്‍.ഡി.സി നെറ്റ്‌വര്‍ക്ക്.
ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്ന ചെറുകിട സംരംഭങ്ങള്‍ക്കും വന്‍കിട കമ്പനികള്‍ക്കൊപ്പം പരിഗണന ലഭിക്കും എന്നതാണ് പ്രത്യേകത.