ബലേനൊയുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് മാരുതി സുസുക്കി

ബലേനൊയുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് മാരുതി സുസുക്കി

September 19, 2018 0 By

ഉപയോക്താക്കളുടെ കാത്തിരിപ്പ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടു പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം.എസ്.ഐ.എല്‍). 2015 ഒക്ടോബറില്‍ അരങ്ങേറ്റം കുറിച്ച ‘ബലേനൊ’യ്ക്കു തകര്‍പ്പന്‍ വരവേല്‍പ്പാണ് ഇന്ത്യയില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ പ്രതിമാസ വില്‍പ്പന കണക്കെടുപ്പില്‍ ആദ്യ അഞ്ചിലെ സ്ഥാനം നിലനിര്‍ത്താനും ബലേനൊയ്ക്കു സാധിച്ചിട്ടുണ്ട്.

ഇതുവരെ നാലര ലക്ഷത്തോളം ‘ബലേനൊ’യാണു മാരുതി സുസുക്കി വിറ്റത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യയും രൂപകല്‍പ്പനയും ഡ്രൈവിങ് അനുഭവവുമൊക്കെയാണ് ‘ബലേനൊ’യെ ഇന്ത്യയ്ക്കു പ്രിയങ്കരമാക്കുന്നതെന്ന് എം.എസ്.ഐ.എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ആര്‍.എസ് കാല്‍സി അഭിപ്രായപ്പെട്ടു. ഗുജറാത്തില്‍ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ സ്ഥാപിച്ച പുതിയ ശാല പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായതോടെ ‘ബലേനൊ’ ലഭ്യത ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും കാല്‍സി അറിയിച്ചു. പ്രതിവര്‍ഷം രണ്ടര ലക്ഷം യൂണിറ്റാണു ഹന്‍സാല്‍പൂരിലെ ശാലയുടെ ശേഷി.

ലഭ്യത മെച്ചപ്പെട്ടതോടെ ‘ബലേനൊ’യുടെ വില്‍പ്പനയും ഗണ്യമായി ഉയര്‍ന്നിട്ടുണ്ടെന്ന് കാല്‍സി വെളിപ്പെടുത്തി; കഴിഞ്ഞ എട്ടു മാസമായി പ്രതിമാസം ശരാശരി പതിനെട്ടായിരത്തോളം ‘ബലേനൊ’യാണു കമ്പനി വില്‍ക്കുന്നത്. 2017 ജനുവരി — ഓഗസ്റ്റ് കാലത്ത് മാസം തോറും ശരാശരി 14,000 യൂണിറ്റ് വിറ്റിരുന്ന സ്ഥാനത്താണിത്. സുസുക്കി ഇന്ത്യയില്‍ നിര്‍മിച്ചു ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യ കാറുമാണു ‘ബലേനൊ’. ആഭ്യന്തര വിപണിക്കു പുറമെ ഓസ്‌ട്രേലിയ, യൂറോപ്, ലാറ്റിന്‍ അമേരിക്ക, കിഴക്കന്‍ ഏഷ്യ മേഖലകളിലെ രാജ്യങ്ങളിലും മികച്ച പ്രകടനമാണു ‘ബലേനൊ’ കാഴ്ചവയ്ക്കുന്നത്.