ടാറ്റ ഹാരിയര്‍ ഇലക്ട്രിക് നിരത്തുകളിലേക്ക്
May 20, 2025 0 By BizNews
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയില്‍ എതിരില്ലാത്ത കുതിപ്പായിരുന്നു ടാറ്റ മോട്ടോഴ്സ് കാഴ്ചവെച്ചിരുന്നത്. എന്നാല്‍, മഹീന്ദ്രയുടെ രണ്ട് ബോണ്‍ ഇലക്‌ട്രിക് മോഡലുകളും എംജിയുടെ വിൻഡ്സർ എന്ന വാഹനവും എത്തിയതോടെ ശരിക്കും ഒരു ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഈ മത്സരത്തെ അതിജീവിക്കുന്നതിനായി ടാറ്റയുടെ ഫ്ളാഗ്ഷിപ്പ് ഇലക്‌ട്രിക് മോഡലായി ഹാരിയർ ഇവിയെ കളത്തില്‍ ഇറക്കാനുള്ള നീക്കങ്ങളിലാണ് നിർമാതാക്കള്‍.
2025 ഭാരത് മൊബിലിറ്റി എക്സ്പോയില്‍ പ്രദർശനത്തിനെത്തിയ ടാറ്റ ഹാരിയർ ഇവി ജൂണ്‍ മൂന്നിന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അവതരണത്തിന് മുന്നോടിയായി നിരവധി ടീസറുകള്‍ ഇതിനോടകം തന്നെ ടാറ്റ മോട്ടോഴ്സ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
റെഗുലർ ഹാരിയറിന്റെ തലയെടുപ്പിനൊപ്പം ഡിസൈനിലും കടമെടുത്താണ് ഇലക്‌ട്രിക് പതിപ്പും ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം ഇലക്‌ട്രിക് വാഹനങ്ങളുടേതായ സവിശേഷതകളും ഇതില്‍ നല്‍കുന്നുണ്ട്.
റെഗുലർ ഹാരിയറില്‍ നിന്നും ടാറ്റയുടെ മറ്റ് ഇലക്‌ട്രിക് വാഹനങ്ങളില്‍നിന്നും സിഗ്നേച്ചർ ഡിസൈനുകളും ഹാരിയർ ഇവിയില്‍ നല്‍കിയിട്ടുണ്ട്. എല്‍.ഇ.ഡി. ഡി.ആർ.എല്‍, പൊസിഷൻ ലാമ്പ്, മൂടിക്കെട്ടിയ ഗ്രില്ല്, പുതിയ ലോഗോ, മറ്റ് ഇലക്‌ട്രിക് മോഡലുകളിലെ ഡിസൈന് സമാനമായി ഒരുങ്ങിയിട്ടുള്ള എയർഡാം, ബമ്പറില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ക്വാഡ് ബീം എല്‍.ഇ.ഡി. പ്രൊജക്ഷൻ ഹെഡ്ലാമ്പ് തുടങ്ങിയവയാണ് മുൻഭാഗത്ത്. പിൻഭാഗം അലങ്കരിക്കുന്നതും വലിയ എല്‍.ഇ.ഡി. ലൈറ്റും ബമ്പറിലും സ്കിഡ് പ്ലേറ്റും ചേർന്നാണ്.
ടാറ്റയില്‍നിന്ന് ഇതുവരെ എത്തിയിട്ടുള്ള ഇലക്‌ട്രിക് എസ്.യു.വികളിലെല്ലാം മികച്ച ഫീച്ചറുകളാണ് നല്‍കിയിട്ടുള്ളത്. ഹാരിയറിലേക്ക് വരുമ്പോള്‍ ഫീച്ചറുകളുടെ എണ്ണം വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
12.5 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ്, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ടാറ്റയുടെ പുതിയ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയ ഫീച്ചറുകള്‍ക്ക് പുറമെ, സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ലെവല്‍-2 അഡാസ് ഫീച്ചർ ഹാരിയറില്‍ നല്‍കുമെന്നാണ് വിലയിരുത്തല്‍. ക്ലൈമറ്റ് കണ്‍ട്രോള്‍ പാനലില്‍ ഉള്‍പ്പെടെ കൂടുതല്‍ പുതുമകള്‍ നല്‍കും.
റെഗുലർ ഹാരിയറിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്ഫോമില്‍ മാറ്റം വരുത്തിയാണ് ഇലക്‌ട്രിക് മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. ടാറ്റയുടെ രണ്ടാം തലമുറ ഇ.വി. ആർക്കിടെക്ചർ അടിസ്ഥാനമാക്കിയാണ് ഹാരിയർ ഇലക്‌ട്രിക് ഒരുക്കിയിരിക്കുന്നത്.
ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് ഹാരിയർ ഇ.വിയുടെ സവിശേഷത. ഇരട്ട ഇലക്‌ട്രിക് മോഡല്‍ കരുത്തേകുന്ന വാഹനമായിരിക്കും ഹാരിയർ ഇലക്‌ട്രിക് എന്നാണ് നിർമാതാക്കള്‍ നല്‍കിയിട്ടുള്ള സൂചന.
ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഇപ്പോഴും ടാറ്റ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പോലും 60 കിലോവാട്ടില്‍ അധികം ശേഷിയുള്ള ബാറ്ററി പാക്ക് ആയിരിക്കും ഇതില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒറ്റത്തവണ ചാർജില്‍ 500 കിലോമീറ്ററിലധികം റേഞ്ചും ഉറപ്പാക്കും. വെഹിക്കിള്‍ ടു ലോഡ്, വെഹിക്കിള്‍ ടു വെഹിക്കിള്‍ ചാർജിങ് തുടങ്ങിയ സംവിധാനങ്ങള്‍ ഹാരിയർ ഇ.വിയില്‍ കൊണ്ടുവരുന്നുണ്ട്.
ടാറ്റയുടെ മറ്റ് ഇലക്‌ട്രിക് മോഡലില്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഫീച്ചറുകള്‍ ഈ വാഹനത്തില്‍ ഒരുങ്ങും.
Share this:
- Click to share on Facebook (Opens in new window) Facebook
- Click to share on Telegram (Opens in new window) Telegram
- Click to share on WhatsApp (Opens in new window) WhatsApp
- Click to print (Opens in new window) Print
- Click to share on Threads (Opens in new window) Threads
- Click to share on X (Opens in new window) X
- More