വെർച്വൽ ക്രെഡിറ്റ് കാർഡുകൾ സുരക്ഷിതമാണോ? ഉപയോഗിക്കുന്നതിനു മുൻപ് ഇക്കാര്യങ്ങൾ അറിയാം…

വെർച്വൽ ക്രെഡിറ്റ് കാർഡുകൾ സുരക്ഷിതമാണോ? ഉപയോഗിക്കുന്നതിനു മുൻപ് ഇക്കാര്യങ്ങൾ അറിയാം…

March 7, 2025 0 By BizNews

ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ വെർച്വൽ ക്രെഡിറ്റ് കാർഡുകൾക്ക് ഇന്ന് വളരെയധികം സ്വീകാര്യതയുണ്ട്. ഇവ ഉപയോക്താക്കൾക്ക് പണമിടപാടുകൾ കൂടുതൽ സു​ഗമവും എളുപ്പവുമാക്കുന്നു.
യഥാർത്ഥ കാർഡുകളുടെ ഡിജിറ്റൽ പകർപ്പാണ് വെർച്വൽ ക്രെഡിറ്റ് കാർഡുകൾ. ബാങ്കുകൾ നൽകുന്ന വെർച്വൽ ക്രെഡിറ്റ് കാർഡുകൾ അടിസ്ഥാനപരമായി നിങ്ങളുടെ യഥാർത്ഥ ക്രെഡിറ്റ് കാർഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന ഒരു താൽകാലിക കാർഡ് നമ്പറാണ്. ഓൺലൈൻ ഷോപ്പിം​ഗ് നടത്താൻ ഇവ ഉപയോ​ഗിക്കാം. മറ്റ് കാർഡുകൾ പോലെ തന്നെ ഇവയ്ക്ക് 16 അക്ക കാർഡ് നമ്പർ, ഒരു സിവിയും എക്സ്പേയറി ഡേറ്റുമുണ്ടായിരിക്കും.

വെർച്വൽ ക്രെഡിറ്റ് കാർഡ് ലഭിക്കാൻ പ്രധാനമായും ഒരു ക്രെഡിറ്റ് കാർഡും വെർച്വൽ ക്രെഡിറ്റ് കാർഡുകളുടെ സേവനം വാ​ഗ്ദാനം ചെയ്യുന്ന ബാങ്കിൽ അക്കൗണ്ടും ഉണ്ടായിരിക്കണം. വെർച്വൽ കാർഡുകൾ യഥാർത്ഥ കാർഡുകൾ പോലെ മോഷ്ടിക്കാൻ കഴിയില്ല,നഷ്ടപ്പെടുകയുമില്ല. അതുകൊണ്ട് തന്നെ അവ ഉപയോ​ഗിക്കാൻ കൂടുതൽ സുരക്ഷിതമാണ്.

വെർച്വൽ കാർഡ് ഉപയോ​ഗിച്ച്, നിലവിലുള്ള ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് കാർഡ് ഹാജരാക്കാതെ തന്നെ ഓൺലൈൻ ഇടപാടുകൾ നടത്താവുന്നതാണ്. ഓൺലൈനായി ഷോപ്പിം​ഗ് ചെയ്യുമ്പോൾ നിങ്ങളുടെ യഥാർത്ഥ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾക്ക് പകരം വെർച്വൽ കാർഡ് വിശദാംശങ്ങളാകും ഉപയോ​ഗിക്കുക. അത് സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു. ഓരോ ഇടപാടിനും ഓരോ നമ്പർ ആയതിനാൽ ഹാക്കർമാർക്ക് അക്കൗണ്ടിൽ നുഴഞ്ഞ് കയറാൻ കഴിയില്ല.

വെർച്വൽ കാർഡുകൾ വഴിയുള്ള ഇടപാടിൽ യഥാർത്ഥ കാർഡ് നമ്പർ ഒരിക്കലും വെളിവാകില്ല. സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെടുന്നതിൽ നിന്നും ഡാറ്റ നഷ്ടത്തിൽ നിന്നും ഉപയോക്താക്കളെ ഇത് സംരക്ഷിക്കുന്നു. കാർഡ് നമ്പർ താൽകാലികമായതിനാൽ അത് ഭാവിയിൽ ഉപയോ​ഗിക്കാൻ കഴിയില്ല. അതുപോലെ, കാർഡ് വഴിയുള്ള ഉപയോ​ഗം നിയന്ത്രിക്കാനും ഫണ്ട് പരിധി നിശ്ചയിക്കാനും വെർച്വൽ കാർഡിലൂടെ കഴിയും. എന്തെങ്കിലും കാരണത്താൽ കാർഡ് ക്യാൻസെൽ ചെയ്യേണ്ടി വരികയാണെങ്കിൽ സാധാരണ കാർഡുകളേക്കാൾ നടപടി ക്രമങ്ങൾ എളുപ്പമായിരിക്കും.

ഈ ​ഗുണങ്ങളെല്ലാം ഉണ്ടെങ്കിലും വെർച്വൽ കാർഡുകൾ പൂർണമായും സുരക്ഷിതമാണെന്ന് പറയാൻ സാധിക്കില്ല. ഏതെങ്കിലും തരത്തിൽ ആക്സസ് ലഭിച്ചാൽ ഹാക്കർമാർ ദുരുപയോഗം ചെയ്യും. ഫിഷിം​ഗും ഹാക്കിം​ഗും വെർച്വൽ കാർഡുകൾക്ക് പ്രധാന വെല്ലുവിളി തന്നെയാണ്. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ക്രെഡിറ്റ് സ്കോറിനെ പോലും ദോഷകരമായി ബാധിക്കുന്നു.

അതേസമയം വെർച്വൽ ക്രെഡിറ്റ് കാർഡിന് ചില പരിമിതികളുമുണ്ട്. തെളിവിനായി ക്രെഡിറ്റ് കാർഡുകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ വെർച്വൽ കാർഡുകൾ പ്രായോ​ഗികമല്ല. അതിനാൽ വിദേശയാത്രകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇവ ഒഴിവാക്കുന്നതാണ് ഉത്തമമം.