നിസാനും ഹോണ്ടയും ലയിക്കുന്നു
December 24, 2024ടോക്യോ: ജപ്പാനിലെ ലോകപ്രശസ്ത വാഹന നിർമാതാക്കളായ ഹോണ്ടയും നിസാനും ലയിക്കുന്നു. ഇതുസംബന്ധിച്ച ധാരണപത്രത്തിൽ തിങ്കളാഴ്ച ഒപ്പുവെച്ചതായി ഇരു കമ്പനിയും അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ മേഖലയിൽ ഇരു കമ്പനികളും എതിരാളികളിൽനിന്ന് കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് ഒരുമിച്ചുപോകാൻ ധാരണയായത്.
ഇതോടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കളാകും ഹോണ്ട -നിസാൻ. നിസാൻ സഖ്യത്തിലെ ചെറിയ അംഗമായ മിത്സുബിഷി മോട്ടോഴ്സും ലയന ചർച്ചകളിൽ ചേരാൻ സമ്മതിച്ചിട്ടുണ്ട്. മൂന്ന് വാഹന നിർമാതാക്കളുടെയും വിപണി മൂലധനം 5000 കോടി ഡോളറിലധികം (ഏകദേശം 4.26 ലക്ഷം കോടി രൂപ) വരും. ടൊയോട്ടയും ജർമനിയുടെ ഫോക്സ്വാഗൺ എജിയുമാണ് ഇവരുടെ ശക്തരായ എതിരാളികൾ. ഫ്രാൻസിലെ റെനോ എസ്.എയുമായും നിസാന് ബന്ധമുണ്ട്.
2023ൽ 1.15 കോടി വാഹനങ്ങൾ പുറത്തിറക്കിയ, ടൊയോട്ട ലയനത്തിനു ശേഷവും മുൻനിര ജാപ്പനീസ് വാഹന നിർമാതാക്കളായി തുടരും. 2023ൽ ഹോണ്ട 40 ലക്ഷവും നിസാൻ 34 ലക്ഷവും വാഹനങ്ങളാണ് നിരത്തിലിറക്കിയത്; മിത്സുബിഷി മോട്ടോഴ്സ് 10 ലക്ഷവും. ഈ മൂന്ന് കമ്പനികൾ ചേർന്നാലും 84 ലക്ഷം വാഹനങ്ങളുടെ വിപണി പങ്കാളിത്തമേയുള്ളൂ.
ചൈനയിലെ വിൽപനയിൽ തിരിച്ചടി നേരിട്ടതിനാൽ ഹോണ്ടയുടെ അറ്റാദായം സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഒരു വർഷം മുമ്പുള്ളതിനേക്കാൾ 20 ശതമാനം ഇടിഞ്ഞിരുന്നു. ലയനത്തോടെ നിസാനിൽനിന്ന് അർമാഡ, ഇൻഫിനിറ്റി ക്യു.എക്സ് 80 പോലുള്ള ട്രക്ക് അധിഷ്ഠിത വലിയ എസ്.യു.വി ബോഡികൾ ഹോണ്ടക്ക് ലഭിക്കും. ബാറ്ററികളും ഇലക്ട്രിക് വാഹനങ്ങളും നിർമിച്ച് വർഷങ്ങളുടെ പരിചയവും നിസാനുണ്ട്.