കോർപറേറ്റുകളുടെ ലാഭം നാലിരട്ടി വർധിച്ചു; ജീവനക്കാരുടെ ശമ്പളത്തിൽ ഒരു രൂപയുടെ പോലും വർധനയില്ല
December 12, 2024ന്യൂഡൽഹി: കോർപറേറ്റുകളുടെ ലാഭം വൻതോതിൽ വർധിക്കുമ്പോഴും ജീവനക്കാരുടെ ശമ്പളത്തിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേറ്റുകളുടെ ലാഭത്തിൽ നാലിരട്ടി വർധനയാണ് ഉണ്ടായത്. എന്നാൽ, ജീവനക്കാരുടെ യഥാർഥ വേതനത്തിൽ ഒരു രൂപയുടെ പോലും വർധനയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി കുറഞ്ഞതിന് പിന്നാലെയാണ് കോർപ്പറേറ്റ് മേഖലയിലെ ജീവനക്കാരുടെ വേതനം സംബന്ധിച്ച കണക്കുകളും പുറത്ത് വരുന്നത്.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പ്രധാന കരുത്ത് സ്വകാര്യ ഉപഭോഗമാണ്. ജി.ഡി.പിയുടെ 60 ശതമാനത്തിനും സംഭാവന നൽകുന്നത് സ്വകാര്യ ഉപഭോഗമാണ്. സ്വകാര്യ ഉപഭോഗത്തെ സ്വാധീനിക്കുന്നത് ജനങ്ങളുടെ കൈവശമുള്ള പണമാണ്. വേതനം ഉയർന്നില്ലെങ്കിൽ ജനങ്ങളുടെ കൈയിൽ പണമുണ്ടാവില്ല. അത് ജി.ഡി.പി വളർച്ചയേയും പ്രതികൂലമായി ബാധിക്കും.
വ്യവസായ സംഘടനയായ ഫിക്കിയുടെ കണക്കുകൾ പ്രകാരം വിവിധ സെക്ടറുകളിൽ ജീവനക്കാരുടെ ശമ്പളം വർധിച്ചിരിക്കുന്നത് 0.8 ശതമാനം മുതൽ 5.4 ശതമാനം വരെയാണ്. ഇക്കാലയളവിൽ ഇന്ത്യയിലെ പണപ്പെരുപ്പം 5.7 ശതമാനം തോതിൽ വർധിച്ചിരുന്നു. അതുകൊണ്ട് ശമ്പള വർധനയിൽ നെഗറ്റീവ് വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.
കേന്ദ്രസർക്കാറിന്റെ മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് വി.ആനന്ദ നാഗേശ്വരൻ കോർപ്പറേറ്റ് കമ്പനികളുടെ ലാഭം 15 വർഷത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. നിഫ്റ്റി 500 കമ്പനികളുടെ ലാഭകണക്കാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.