റീടെയിൽ പണപ്പെരുപ്പത്തിൽ നേരിയ കുറവ്

റീടെയിൽ പണപ്പെരുപ്പത്തിൽ നേരിയ കുറവ്

December 12, 2024 0 By BizNews

ന്യൂഡൽഹി: റീടെയിൽ പണപ്പെരുപ്പത്തിൽ നേരിയ കുറവ്. നവംബറിൽ 5.48 ശതമാനമാണ് റീടെയിൽ പണപ്പെരുപ്പം. റിസർവ് ബാങ്കിന്റെ ലക്ഷ്യമായ ആറ് ശതമാനത്തിന് താഴെയാണ് ഇപ്പോൾ പണപ്പെരുപ്പമുള്ളത്. പച്ചക്കറി വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പം ഇടിയാനുള്ള കാരണം.

പണപ്പെരുപ്പം 5.53 ശതമാനമായി കുറയുമെന്നാണ് റോയിട്ടേഴ്സ് അറിയിച്ചിരുന്നു. എന്നാൽ അതിനേക്കാൾ കുറഞ്ഞ നിരക്കിലേക്കാണ് ഇപ്പോൾ പണപ്പെരുപ്പം എത്തിയിരിക്കുന്നത്. ഒക്ടോബറിൽ 14 മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് പണപ്പെരുപ്പം എത്തിയിരുന്നു. 6.21 ശതമാനമായാണ് പണപ്പെരുപ്പം ഉയർന്നത്. അന്ന് നാല് വർഷത്തെ ഉയർന്ന നിരക്കിലേക്ക് പച്ചക്കറി വില ഉയർന്നിരുന്നു. ഭക്ഷ്യ എണ്ണക്ക് അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതും വില ഉയരുന്നതിന് കാരണമായിരുന്നു.

കഴിഞ്ഞയാഴ്ച നടന്ന ആർ.ബി.ഐയുടെ വായ്പ അവലോകന യോഗം ഈ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് കൂടുതൽ വളർച്ചയുണ്ടാവുമെന്ന് പ്രവചിച്ചിരുന്നു. 6.6 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി വളർച്ചാനിരക്ക് ഉയരുമെന്നാണ് പ്രവചനം. വായ്പ അവലോകന യോഗത്തിന് ശേഷം സംസാരിക്കുന്നതിനിടെ കാലാവസ്ഥ മാറ്റങ്ങൾ, സാമ്പത്തിക അസ്ഥിരത, അന്താരാഷ്ട്ര തർക്കങ്ങൾ എന്നിവയെല്ലാം വളർച്ചാ നിരക്കിനെ സ്വാധീനിക്കുമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.