പ്രൊവിഡന്റ് ഫണ്ട് ഇനി എ.ടി.എം വഴി; ജനുവരി മുതൽ സേവനം ലഭിക്കുമെന്ന് അധികൃതർ

പ്രൊവിഡന്റ് ഫണ്ട് ഇനി എ.ടി.എം വഴി; ജനുവരി മുതൽ സേവനം ലഭിക്കുമെന്ന് അധികൃതർ

December 12, 2024 0 By BizNews

ന്യൂഡൽഹി: രാജ്യത്തെ തൊഴിലാളികൾക്ക് മെച്ചപ്പെടുത്തിയ സേവനങ്ങൾ നൽകുന്നതിനായി തൊഴിൽ മന്ത്രാലയം ഐ.ടി സംവിധാനങ്ങൾ നവീകരിക്കുന്നു. ഇതിന്റെ ആദ്യ ഗുണഭോക്താക്കളാകുന്നത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) വരിക്കാരാണ്.

ജനുവരി മുതൽ പി.എഫ്. തുക എ.ടി.എം. വഴി നേരിട്ട് പിൻ വലിക്കാൻ കഴിയുമെന്നതാണ് പ്രധാനനേട്ടം. ഇതിനായി പി.എഫ്. അക്കൗണ്ട് ഉടമകൾക്ക് എ.ടി.എം. കാർഡുകൾ നൽകാനാണ് അധികൃതരുടെ തീരുമാനം.പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50ശതമാനം വരെ എ.ടി.എം വഴി പിൻവലിക്കാം. ഇത്, പ്രാബല്യത്തിലായാൽ അ​പേക്ഷകളും രേഖകളും നൽകി കാത്തിരിക്കേണ്ടതില്ലെന്നതാണ് മെച്ചം. 

തൊഴിലാളികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം ഐ.ടി. സംവിധാനങ്ങൾ നവീകരിക്കുകയാണ്. ഇക്കാര്യത്തിൽ ജനുവരി യോടെ നിർണായക പുരോഗതിയുണ്ടാകുമെന്നും കേന്ദ്രതൊഴിൽ സെക്രട്ടറി സുമിത ദവ്റ പറഞ്ഞു.

ക്ലെയിമുകൾ വേഗം തീർപ്പാക്കുന്നതിലൂടെ തൊഴിലാളികളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതോടെ, സാമ്പത്തികസ്വാശ്രയത്വം വർധിപ്പിക്കാൻ കഴിയും. ഒപ്പം, പി.എഫ്. അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക വർധിപ്പിക്കാനുള്ള സാഹചര്യമുണ്ടാകും. 

പദ്ധതി വിഹിതത്തിലെ നിലവിലെ 12 ശതമാനം പരിധി എടുത്തുകളയും.  തൊഴിലാളികൾക്ക് ഇഷ്ടമുള്ള തുക വിഹിതമായി നൽകാൻ കഴിയുന്ന തരത്തിൽ മാറ്റം വരുത്താനാണ് തീരുമാനം. നിലവിൽ ഏഴ് കോടി വരിക്കാരാണ് ഇ.പി. എഫ്.ഒ.യിലുള്ളത്. രാജ്യത്ത് തൊഴിലില്ലായ്മ കുറഞ്ഞു വരികയാണെന്നും ദവ്‌റ പറഞ്ഞു. 2017ൽ തൊഴിലില്ലായ്മ നിരക്ക് ആറ് ശതമാനമായിരുന്നു. ഇന്ന് അത് 3.2 ശതമാനമായി കുറഞ്ഞിരിക്കുകയാണെന്ന് ദവ്റ അവകാശ​പ്പെട്ടു.