പ്രമേഹം ബാധിതരുടെ എണ്ണം നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ്; ആക്ഷന്‍ പ്ലാന്‍
December 11, 2024തിരുവനന്തപുരം: പ്രമേഹം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹ്രസ്വകാലവും ദീര്‍ഘകാലവും അടിസ്ഥാനമാക്കിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നത്. പ്രമേഹ രോഗ ചികിത്സയില്‍ റോഡ്‌മാപ്പ് തയ്യാറാക്കാന്‍ അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കും.
സംസ്ഥാന തലത്തില്‍ പ്രീ കോണ്‍ക്ലേവ് സംഘടിപ്പിച്ച് അതുകൂടി ഉള്‍ക്കൊണ്ടാണ് അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കുക. അന്തര്‍ദേശീയ തലത്തില്‍ പ്രമേഹ രോഗ ചികിത്സയില്‍ വന്നിട്ടുള്ള നൂതന സംവിധാനങ്ങളും, ചികിത്സാ വിധികളും ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി ജനപങ്കാളിത്തത്തോടെയാണ് കോണ്‍ക്ലേവ് നടത്തുക.
കോണ്‍ക്ലേവിന് ശേഷം തയ്യാറാക്കുന്ന പ്രമേഹരോഗ ചികിത്സയുടെ റോഡ്മാപ്പിന് അനുസൃതമായിട്ടായിരിക്കും ആരോഗ്യ വകുപ്പിലെ ചികിത്സ ശാക്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നത്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
30 വയസിന് മുകളില്‍ പ്രായമായവരിലെ ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ആര്‍ദ്രം ആരോഗ്യം വാര്‍ഷികാരോഗ്യ പരിശോധന ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി രണ്ടാം ഘട്ടം നടത്തി വരുന്നു. രണ്ടാം ഘട്ട സര്‍വേ പ്രകാരം 14 ശതമാനത്തോളം ആളുകള്‍ക്ക് നിലവില്‍ പ്രമേഹം ഉള്ളതായാണ് കണ്ടെത്തിയത്. കൂടാതെ പ്രമേഹ രോഗ സാധ്യതയുള്ളവരുടെ എണ്ണവും കൂടുതലാണ്. ഇതുള്‍പ്പെടെയുള്ള പഠനങ്ങള്‍ വിലയിരുത്തിയാണ് ആരോഗ്യ വകുപ്പ് നിര്‍ണായകമായ ഇടപെടലിന് ശ്രമിക്കുന്നത്.